കാക്കനാട്: കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പി ക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്. സംസ്ഥാന ചരിത്രത്തിൽ ഇതിനുമുമ്പ് ക്രൈസ്തവ ജനവിഭാഗങ്ങളുടെ വിവിധ മേഖലകളിലെ പിന്നോക്കാവസ്ഥ സംബന്ധിച്ച് ഗൗരവമായ പരിശോധനകളോ പരിഗണനകളോ ഉണ്ടായിരുന്നില്ല. എന്നത് ക്രിസ്ത്യൻ ന്യൂനപക്ഷത്തെ സംബന്ധിച്ച് ഈ കമ്മിഷന്റെ പ്രസക്തി വർധിപ്പിച്ചു. കമ്മീഷൻ മുൻപാകെ പരാതികളും നിവേദനങ്ങളും നൽകുന്നതിൽ വലിയ ബഹുജന പങ്കാളിത്തമുണ്ടായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഒരു പഠനകമ്മീഷനും ലഭിച്ചിട്ടില്ലാത്ത വിധം അഞ്ചുലക്ഷത്തിലധികം പരാതികൾ സമർപ്പിക്കപ്പെട്ടു എന്നത് ഈ ബഹുജന പങ്കാളിത്തത്തിന്റെ പ്രതിഫലനമാണ്. സീറോമലബാർ സഭ വ്യക്തമായ പഠനങ്ങളുടെയും ശാസ്ത്രീയമായ വിലയിരുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പിന്നോക്കാവസ്ഥ സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി കമ്മീഷന് സമർപ്പിച്ചിരുന്നു.
ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ അഞ്ഞൂറിലധികം നിർദ്ദേശങ്ങളടങ്ങുന്ന ഒരു റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളത് എന്ന് മനസിലാക്കുന്നു. എന്നാൽ ഈ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ ഇതു പുറത്തുവിടുകയോ, നിയമസഭയിൽ ചർച്ചയ്ക്കു വയ്ക്കുകയോ, ക്രൈസ്തവ സഭകളുമായി ആലോചിച്ച് തുടർനടപടികൾക്ക് തയ്യാറാവുകയോ ചെയ്യാതെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതായി സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി. പ്രസ്തുത റിപ്പോർട്ട് നിലവിൽ ന്യൂനപക്ഷക്ഷേമവകുപ്പിന് കൈമാറിയിരിക്കുകയാണ്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ സംബന്ധിച്ച് 2019 കാലയളവിൽ എല്ലാ ജില്ലകളിലും സിറ്റിങ് നടത്തി ഒരു പ്രാഥമിക പഠനം നടത്തിയിരുന്നെങ്കിലും അതിന്റെ റിപ്പോർട്ട് തമസ്കരിക്കപ്പെട്ട മുൻ അനുഭവമുണ്ട്. ഈ സാഹചര്യത്തിൽ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സഭകളുമായി ചർച്ച ചെയ്യണമെന്നും ആത്മാർത്ഥവും കാര്യക്ഷമവുമായ തുടർനടപടികൾ സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ മെല്ലപ്പോക്കും അവഗണനയും ഒഴിവാക്കണമെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സെപ്റ്റംബർ 26 ചൊവാഴ്ച പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചു ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കൺവീനർ ബിഷപ്പ് മാർ തോമസ് തറയിൽ സെക്രട്ടറിമാരായ ഫാ. എബ്രാഹം കാവിൽ പുരയിടത്തിൽ, ഫാ. ജയിംസ് കൊക്കവയലിൽ എന്നിവർ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.