ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിനു വില്ലനാകുമോ മഴ? ആശങ്കയില്‍ ആരാധകര്‍

ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിനു വില്ലനാകുമോ മഴ? ആശങ്കയില്‍ ആരാധകര്‍

ക്രിക്കറ്റിന്റെ കാര്‍ണിവല്‍ എന്നറിയപ്പെടുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് ക്രിക്കറ്റ് ആവേശം അലതല്ലാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ടൂര്‍ണമെന്റിനു കനത്ത ഭീഷണിയായി മഴയെത്തുമോ എന്ന ആശങ്ക ശക്തമാകുന്നു. പരിശീലന മല്‍സരത്തില്‍ ഇതുവരെ മൂന്നു മല്‍സരത്തിനു മഴ ഭീഷണിയായ സാഹചര്യത്തിലാണ് ആശങ്കകള്‍ ശക്തമാകുന്നത്.

കാലംതെറ്റിയെത്തിയ കാലവര്‍ഷവും മഴയും രസംകൊല്ലിയായെത്തുന്ന കാഴ്ചകളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ശനിയാഴ്ച നടക്കേണ്ടിയിരുന്ന ഇന്ത്യ-ഇംഗ്ലണ്ട് മല്‍സരത്തിനും ഓസ്‌ട്രേലിയ -നെതര്‍ലന്‍ഡ്‌സ് മല്‍സരത്തിനും മഴ ഭീഷണിയായി.

വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മല്‍സരം മഴ മൂലം ഉപേക്ഷിച്ചു. ഒരു ബോള്‍ പോലും ചെയ്യാനാവാതെയാണ് ഈ മല്‍സരം ഉപേക്ഷിച്ചത്.

കഴിഞ്ഞ മാസം നടന്ന ഏഷ്യാകപ്പ് ക്രിക്കറ്റിനും മഴ ഭീഷണിയായിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ ആദ്യ മല്‍സരം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മല്‍സരം റിസര്‍വ് ദിനത്തിലാണ് പൂര്‍ത്തിയാക്കാനായത്. ഏഷ്യാകപ്പ് ശ്രീലങ്കയിലായിരുന്നു നടന്നതെങ്കില്‍ ഇപ്പോള്‍ സമാനമായ കാലാവസ്ഥയും മഴയുമാണ് ഇന്ത്യയിലുള്ളത്.

ഏഷ്യാകപ്പ് ടൂര്‍ണമെന്റിന് മഴ ഭീഷണിയായതോടെ ആഥിത്യം വഹിച്ച ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനും എതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരമൊരു സമാന സാഹചര്യമാണ് ബിസിസിഐയും ഐസിസിയും നേരിടേണ്ടി വരിക.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും പ്രധാന ടൂര്‍ണമെന്റ് എന്നതിലപ്പുറം ഈ ടൂര്‍ണമെന്റ് നേടുന്നവര്‍ ലോകരാജാക്കന്‍മാരായി കിരീടധാരണം നടത്തുന്നു എന്നതാണ് ഈ ടൂര്‍ണമെന്റിനെ ഏറ്റവും വാശിയേറിയ മല്‍സരമാക്കുന്നതും ജനപ്രിയമാക്കുന്നതും.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും വാശിയോടെ കാണുന്ന ഒരു ടൂര്‍ണമെന്റു കൂടെയാണ് ഏകദിന ലോകകപ്പ്. 2011നു ശേഷം ഇന്ത്യ വീണ്ടും ആഥിത്യമരുളുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രതീക്ഷ വാനോളമാണ്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ഫേവറിറ്റുകളാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം.

ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ടൂര്‍ണമെന്റ്. ആദ്യ മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ ആതിഥേയരായ ഇന്ത്യയുടെ ആദ്യ മല്‍സരം ഒക്ടോബര്‍ എട്ടിനാണ്. ഓസ്‌ട്രേലിയ ആണ് ആദ്യ എതിരാളികള്‍.

ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രസവും ആവേശവും നശിപ്പിക്കാന്‍ മഴ വില്ലനായെത്തുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകര്‍. എന്തായാലും മഴ ഭീഷണി മാറി ഇന്ത്യ ലോകകപ്പ് കിരീടം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.