തിരുസഭയ്ക്ക് 21 പുതിയ കർദ്ദിനാൾമാർ കൂടി; വോട്ടവകാശമുള്ള കർദ്ദിനാളുമാരുടെ എണ്ണം 136 ആയി

തിരുസഭയ്ക്ക് 21 പുതിയ കർദ്ദിനാൾമാർ കൂടി; വോട്ടവകാശമുള്ള കർദ്ദിനാളുമാരുടെ എണ്ണം 136 ആയി

വത്തിക്കാൻ സിറ്റി: പുതിയ 21 കർദ്ദിനാളുമാരെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ ആയിരങ്ങളെ സാക്ഷിയാക്കി നടന്ന ചടങ്ങിന് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമ്മികത്വം വഹിച്ചു. പുതുതായി കർദ്ദിനാളുമാരായി ഉയർത്തപ്പെട്ടവരിൽ 18 പേർ 80 വയസിന് താഴെയുള്ളവരായതിനാൽ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ട് ചെയ്യാൻ അർഹതയുണ്ട്.

15 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ളവരാണ് പുതിയ കർദ്ദിനാളുമാർ. തന്റെ 10 വർഷത്തെ പത്രോസിന്റെ ദൌത്യത്തിൽ നടന്ന ഒമ്പത് കൺസിസ്റ്ററികളിലും ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന കത്തോലിക്ക സഭയുടെ വൈവിധ്യത്തെ എടുത്തുക്കാട്ടുന്ന വിധത്തിലാണ് പാപ്പ കർദ്ദിനാളുമാരെ തെരഞ്ഞെടുത്തത്. ചുവന്ന തൊപ്പി ഉൾപ്പെടെ സ്ഥാനിക ചിഹ്നങ്ങൾ സ്വീകരിച്ചവരിൽ ദക്ഷിണ സുഡാനിൽ നിന്നുള്ള ആദ്യത്തെ കർദ്ദിനാൾ സ്റ്റീഫൻ അമേയു മാർട്ടിൻ മുല്ലയും ഉൾപ്പെടുന്നു.

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്നുള്ള കർദ്ദിനാൾ സ്റ്റീഫൻ ബ്രിസ്ലിൻ, ടാൻസാനിയയിലെ തബോറയിൽ നിന്നുള്ള കർദ്ദിനാൾ പ്രൊട്ടേസ് റുഗാംബ്വ എന്നിവരും ആഫ്രിക്കയിൽ നിന്നുള്ളവരാണ്. ആഫ്രിക്കയിൽ വോട്ടവകാശമുള്ള കർദ്ദിനാളുമാരുടെ ആകെ എണ്ണം 14 ശതമാനം ആണ്. ഫ്രാൻസിസ് പാപ്പ അധികാരമേറ്റെടുത്ത ശേഷം ഉയർത്തിയ വിവിധ കൺസിസ്റ്ററികളിലൂടെ അഞ്ച് വർദ്ധനവാണ് ഇപ്പോൾ ആഫ്രിക്കയിൽ രേഖപ്പെടുത്തിരിക്കുന്നത്.

വോട്ടവകാശമുള്ള കർദ്ദിനാളുമാരിൽ 16 ശതമാനം ഇപ്പോൾ ഏഷ്യയിൽ നിന്നുള്ളവരാണ്. 18 പുതിയ വോട്ടർമാരോടൊപ്പം, അടുത്ത പാപ്പയെ തിരഞ്ഞെടുക്കാൻ യോഗ്യരായ കർദ്ദിനാൾമാരുടെ എണ്ണം 136 ആയി ഉയർന്നു. അവരിൽ 72 ശതമാനം പേരെ തിരഞ്ഞെടുത്തത് ഫ്രാൻസിസ് മാർപാപ്പയാണ്. സഭയുടെ ചരിത്രത്തിൽ ഏറ്റവും അധികം പേരെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയ റെക്കോർഡ് ഫ്രാൻസിസ് പാപ്പയുടെ പേരിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26