ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയിൽ; കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയിൽ; കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യം

ന്യൂഡൽഹി: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയിൽ. കാമുകനായിരുന്ന ഷാരോണിനെ കഷായത്തിൽ വിഷം കൊടുത്ത് കൊന്ന കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. നിലവിൽ കേരളത്തിൽ നടക്കുന്ന വിചാരണ കന്യാകുമാരിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

ഗ്രീഷ്മയും കേസിലെ മറ്റു പ്രതികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് കേസിലെ പ്രതികളായ ഗ്രീഷ്മയുടെയും അമ്മയുടെയും അമ്മാവന്റെയും വീട്. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണയും അവിടെ നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹർജി സമർപ്പിച്ചത്.

നിലവിൽ നെയ്യാറ്റികര അഡീഷണൽ സെക്ഷൻസ് കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. കേസിലെ നടപടികൾ കേരളത്തിൽ നടക്കുന്നത് പ്രതികൾക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാൻ തടസമാകും, കൂടാതെ കന്യാകുമാരിയിൽ നിന്ന് വിചാരണ നടപടികൾക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് പുതിയ ഹർജി സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നത്.

കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സെക്‌സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പ്രതി കൊല നടത്തിയതെന്നും കാര്‍പ്പിക്ക് എന്ന കളനാശിനിയാണ് കൊലയ്ക്കായി കഷായത്തില്‍ കലര്‍ത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ 25 നാണ് ജാമ്യം ലഭിച്ച ഗ്രീഷ്മ ജയിൽ മോചിതയായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.