കാലിഫോര്‍ണിയ: ലോകം നടുക്കത്തോടെ ശ്രവിച്ച ടൈറ്റന്‍ ജലപേടക ദുരന്തം വെള്ളിത്തിരയിലേക്ക്. പ്രമുഖ ഹോളിവുഡ് നിര്‍മ്മാണ കമ്പനിയായ മൈന്‍ഡ്‌റയട്ട് എന്റര്‍ടൈന്‍മെന്റാണ് ടൈറ്റന്‍ ദുരന്തം സിനിമയാക്കുന്നതായി അറിയിച്ചിരിക്കുന്നത്. ഇ ബ്രയാന്‍ ഡബ്ബിന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ജസ്റ്റിന്‍ മഗ്രേഗര്‍, ജോനാഥന്‍ കേസി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ മടിത്തട്ടിലേക്ക് പോയ ടൈറ്റന്‍ പേടകം അപകടത്തില്‍പ്പെടുന്നതും പിന്നീടുള്ള സംഭവങ്ങളുമാണ് ചിത്രത്തിന് ആധാരം.
ദുരന്തത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ആദരവായിരിക്കും ചിത്രമെന്ന് ജോനാഥന്‍ കേസി പറഞ്ഞു. സത്യമാണ് വലുതെന്നും ലോകത്തിന് സത്യം അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയെയും ചിത്രത്തിലൂടെ രൂക്ഷമായി വിമര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം ജൂണിലായിരുന്നു ഓഷ്യന്‍ഗേറ്റ് എക്സ്പെഡീഷന്‍സ് കമ്പനിയുടെ ജലപേടകം അപകടത്തില്‍പെട്ടത്. അഞ്ച് യാത്രികരാണ് ദുരന്തത്തിന് ഇരയായത്. ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാന്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്ഥാനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകന്‍ സുലെമാന്‍, ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍ സ്ഥാപകനും സി.ഇ.ഒയുമായ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍ വിദഗ്ധന്‍ പോള്‍ ഹെന്റി എന്നിവരായിരുന്നു അന്തര്‍വാഹിനിയിലെ യാത്രക്കാര്‍.
സമുദ്രാന്തര്‍ഭാഗത്തേക്ക് ഊളിയിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ടൈറ്റനുമായുള്ള ബന്ധം മാതൃകപ്പലായ പോളാര്‍ പ്രിന്‍സിന് നഷ്ടപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. കാനഡ, യുഎസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിമാനങ്ങളും കപ്പലുകളും റോബട്ടുകളാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടത്. തിരച്ചില്‍ 96 മണിക്കൂര്‍ കടന്നപ്പോള്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് തകര്‍ന്നതായിരിക്കാമെന്നാണ് അനുമാനം.
ടൈറ്റാനിക്കിന്റെ സംവിധായകനും ആഴക്കടല്‍ പര്യവേക്ഷകനുമായ ജെയിംസ് കാമറൂണ്‍ സംഭവത്തില്‍ രൂക്ഷമായ വിമര്‍ശവുമായി രംഗത്തുവന്നിരുന്നു. ടൈറ്റന്‍ പേടകം മുന്നറിയിപ്പുകളെ അവഗണിച്ചെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തം ജെയിംസ് കാമറൂണ്‍ സിനിമയ്ക്ക് പ്രമേയമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സംവിധായകന്‍ നിരസിക്കുകയായിരുന്നു.
1985 ലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. അതിനുശേഷം ഇവിടെ ഒട്ടേറെ പര്യവേഷണങ്ങള്‍ നടക്കുന്നുണ്ട്. അറ്റ്ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് ഏകദേശം 3,800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുള്ളത്. പ്രത്യേകം നിര്‍മ്മിച്ച അന്തര്‍വാഹിനി ഉപയോഗിച്ച് മാത്രമേ അവശിഷ്ടങ്ങള്‍ കിടക്കുന്ന ഇടത്തേക്ക് എത്താന്‍ സാധിക്കൂ.
പോളാര്‍ പ്രിന്‍സ് എന്ന കപ്പലാണ് അന്തര്‍വാഹിനിയെ ടൈറ്റാനിക് കപ്പലിന്റെ അടുത്തേക്ക് എത്തിച്ചിരുന്നത്. അതിനുശേഷം യാത്രക്കാരുമായി അന്തര്‍വാഹിനി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നിടത്തേക്ക് പോകും. ഏകദേശം എട്ടു മണിക്കൂറായിരുന്നു ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുടെ അരികിലേക്ക് പോയി മടങ്ങിവരാന്‍ വേണ്ടിവരുന്ന സമയം. എട്ടുദിവസത്തെ യാത്രയ്ക്ക് ഒരാള്‍ നല്‍കേണ്ടിയിരുന്നത് രണ്ടുകോടിയോളം (2,05,30,125) രൂപയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.