കുറഞ്ഞ ചെലവില്‍ രാജകീയ യാത്ര: വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ മന്ത്രി; സര്‍വീസ് ഫെബ്രുവരി മുതല്‍

കുറഞ്ഞ ചെലവില്‍ രാജകീയ യാത്ര: വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ മന്ത്രി; സര്‍വീസ് ഫെബ്രുവരി മുതല്‍

ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ടു. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും (ഐസിഎഫ്) ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎല്‍) സംയുക്തമായി നിര്‍മിക്കുന്ന കോച്ചുകളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
വിമാനത്തിലെ ബിസിനസ് ക്‌ളാസ് സൗകര്യങ്ങളെപ്പോലും തോല്‍പ്പിക്കുന്ന തരത്തിലുള്ളതാണ് സ്ലീപ്പര്‍ കോച്ചുകളെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

നിലവിലുള്ള പ്രീമിയം ട്രെയിനുകളെ പിന്നിലാക്കി അത്യാധുനിക ഇന്റീരിയറും സൗകര്യങ്ങളുമാണ് യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊക്കവും തടിയും കൂടുതല്‍ ഉള്ളവര്‍ക്കുപോലും നീണ്ടു നിവര്‍ന്ന് വിശാലമായി കിടക്കാന്‍ കഴിയുന്ന തരത്തിലുള്ള പതുപതുത്ത സീറ്റുകള്‍, ക്ലാസിക് വുഡന്‍ ഡിസൈന്‍, ആംബിയന്റ് ഫ്‌ളോര്‍ ലൈറ്റിങ്, മേല്‍ത്തരം ടോപ്പ് ലൈറ്റുകള്‍ എന്നിവ എടുത്തുപറയത്തക്ക പ്രത്യേകതളാണ്. കൂടാതെ അപ്പര്‍ ബര്‍ത്തുകളിലേക്ക് കയറാനും ഇറങ്ങാനും പടികളും ഉണ്ട്. ഇത് വൃദ്ധര്‍ക്കും സ്ത്രീകള്‍ക്കും ഏറെ പ്രയോജനപ്പെടും. ലഗേജുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അടുത്ത ഫെബ്രുവരിയോടെ സ്ലീപ്പര്‍കോച്ചുകള്‍ സര്‍വീസിന് സജ്ജമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂഡല്‍ഹി-വാരാണസി റൂട്ടിലായിരിക്കും ആദ്യ സര്‍വീസ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സര്‍വീസ് തുടങ്ങിയ ശേഷം യാത്രക്കാരുടെ ഫീഡ്ബാക്ക് ശേഖരിക്കും. അതിന് ശേഷം കോച്ചുകളില്‍ ആവശ്യമായ മാറ്റം വരുത്തിയേക്കും. വന്ദേഭാരത് സര്‍വീസ് തുടങ്ങിയ ശേഷം യാത്രക്കാരുടെ ഫീഡ് ബാക്കിന് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തി പുതിയ കോച്ചുകള്‍ പുറത്തിറക്കിയിരുന്നു. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ഒമ്പത് വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ മാസം ഫ്‌ളാഗ് ഓഫ് ചെയ്തത്.

സീറ്റ് റീക്ലൈനിങ് ആംഗിള്‍ മെച്ചപ്പെടുത്തുന്നത് മുതല്‍ വെള്ളം തെറിക്കുന്നത് ഒഴിവാക്കാന്‍ ആഴത്തിലുള്ള വാഷ് ബേസിനുകള്‍ ഉള്‍പ്പെടുത്തുന്നത് വരെയുള്ള കാര്യങ്ങളില്‍ യാത്രക്കാരുടെ നിര്‍ദേശത്തിന് അനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തുടര്‍ന്നും ഇത്തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും ഉണ്ടായേക്കുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.