ഇറാനില്‍ ഹിജാബ് ധരിക്കാതെ മെട്രോ സ്റ്റേഷനില്‍ എത്തിയ 16 വയസുകാരിക്ക് മത പൊലീസിന്റെ ക്രൂരമര്‍ദനം; പെണ്‍കുട്ടി കോമയില്‍

ഇറാനില്‍ ഹിജാബ് ധരിക്കാതെ മെട്രോ സ്റ്റേഷനില്‍ എത്തിയ 16 വയസുകാരിക്ക് മത പൊലീസിന്റെ ക്രൂരമര്‍ദനം;  പെണ്‍കുട്ടി കോമയില്‍

ടെഹ്റാന്‍: ഇറാനില്‍ ഹിജാബ് ധരിക്കാതെ മെട്രോ സ്റ്റേഷനില്‍ എത്തിയ 16 കാരിക്ക് മത പൊലീസിന്റെ ക്രൂരമര്‍ദനം. അബോധാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അര്‍മിത ഗരവന്ദ് എന്ന പെണ്‍കുട്ടിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. കഴുത്തിന് ചുറ്റും ബാന്‍ഡേജുമായി ആശുപത്രിയില്‍ കിടക്കയില്‍ കഴിയുന്ന 16-കാരിയുടെ ചിത്രം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവം ബി.ബി.സി, ദ ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിട്ടുണ്ട്.

ടെഹ്റാന്‍ സബ്വേ മെട്രോ സ്റ്റേഷനിലെ വനിതാ പൊലീസുകാരാണ് പെണ്‍കുട്ടിയെ നിയമം പാലിച്ചില്ലെന്ന് ആരോപിച്ച് ആക്രമിച്ചത്. മെട്രോ സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അര്‍മിതയെ മെട്രോയിലേക്ക് തള്ളിയിട്ടു. പിന്നീട് നിശ്ചലമായ ശരീരം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ചുമന്ന് കൊണ്ടുപോകുന്നതായും വീഡിയോയില്‍ കാണാം. ഉദ്യോഗസ്ഥര്‍ തള്ളിയിട്ടപ്പോള്‍ ബോധരഹിതയായെന്നാണ് വിവരം. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ്.

സദാചാര പോലീസിന്റെ ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് കുര്‍ദിഷ് സംഘടനയായ ഹെന്‍ഗാവ് വ്യക്തമാക്കി. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ബോധരഹിതയായതെന്നും സുരക്ഷാ സേനയുടെ പങ്കാളിത്തമില്ലെന്നുമാണ് ഭരണകൂടവുമായി ബന്ധപ്പെട്ട അധികാരികള്‍ പറയുന്ന വിശദീകരണം.

ടെഹ്‌റാനിലെ ഫജ്ര് ഹോസ്പിറ്റലില്‍ കനത്ത സുരക്ഷയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കാണാന്‍ കുടുംബത്തിന് പോലും അനുവാദമില്ലെന്ന് ഹെന്‍ഗാവ് സംഘടനയിലെ അംഗങ്ങള്‍ പറയുന്നു. തലയിലും കഴുത്തിലും മാരകമായ പരിക്ക് പറ്റിയിരിക്കുന്നത് വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോയും സംഘടന പുറത്തുവിട്ടു. ആരോഗ്യ നിലയില്‍ യാതൊരു മാറ്റവും കാണിക്കുന്നില്ലെന്നാണ് അതിനൊടൊപ്പം സംഘാംഗങ്ങള്‍ വ്യക്തമാക്കുന്നത്.

ഇറാനില്‍ സ്ത്രീകളുടെ കര്‍ശനമായ വസ്ത്രധാരണ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിന് ഒരു വര്‍ഷത്തിനു ശേഷമാണ് പുതിയ സംഭവം നടന്നിരിക്കുന്നത്. അന്നത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ അറസ്റ്റിലാവുകയും ചെയ്തു. ആയിരക്കണക്കിന് സത്രീകളാണ് തെരുവോരങ്ങളില്‍ തടിച്ച് കൂടി ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.