റോം : ആഫ്രിക്കയിലെ ബുർക്കിനോ ഫാസോയിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലേക്കു ഫാ. ഡോ. ജോൺ ബോയ വെളിയിലിനെ ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. ആലപ്പുഴ രൂപത വെള്ളാപ്പള്ളി ഇടവകയിലെ ജോണി - ലില്ലി ദമ്പതികളുടെ പുത്രനാണ് ഫാ. ഫ്രാൻസിസ് ബോയ.
1999 -ൽ ചേർത്തല മൈനർ സെമിനാരിയിൽ പഠനം ആരംഭിച്ച അദ്ദേഹം പൂനാ പേപ്പൽ സെമിനാരിയിൽനിന്നു ഫിലോസഫി പഠനം പൂർത്തിയാക്കിയ ശേഷം ദൈവശാസ്ത്ര പഠനം നടത്തുവാൻ റോമിലേക്ക് പോകുകയായിരുന്നു. അതെ തുടർന്ന് റോമിൽ നിന്നുതന്നെ കാനൻ നിയമത്തിൽ ലൈസെൻഷിയേറ്റ് കരസ്ഥമാക്കുകയും ചെയ്തു. അതിനുശേഷം 2014 ൽ തിരുപ്പട്ടം സ്വീകരിച്ച ഫാ. ബോയ ആലപ്പുഴ മൌണ്ട് കാർമൽ കത്തീഡ്രലിൽ സഹ വികാരിയായി ആണ് ആദ്യമായി നിയമിതനായത്. ലിയോ 13 ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പ്രിൻസിപ്പലായും സേവനം അനുഷ്ടിച്ചു.
2017 ൽ വീണ്ടും റോമിലേക്ക് പോയ അദ്ദേഹം, ഇന്ത്യൻ ശിക്ഷ നിയമവും കാനൻ നിയമവും ചൈൽഡ് പോർണോഗ്രാഫി കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചു നടത്തിയ പഠനത്തിന് ഉർബാനിയാ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. ഡോക്ടറേറ്റ് പഠനത്തോടൊപ്പം നയതന്ത്ര ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന റോമിലുള്ള പൊന്തിഫിക്കൽ എക്ലെസ്യസ്റ്റിക്കൽ അക്കാദമിയിൽ ചേർന്ന് പരിശീലനം നേടുകയായിരുന്നു.
അയർലണ്ടുകാരനായ ബിഷപ്പ് മൈക്കിൾ ഫ്രാൻസിസ് ക്രോട്ടിയാണ് ബുർക്കിനോ ഫാസോയിലെ അപ്പോസ്തോലിക ന്യൂൺഷ്യോ. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ മാത്രമാണ് ബുർക്കിനോഫാസോയിൽ കത്തോലിക്കാ വിശ്വാസം എത്തിയത്. ഫ്രഞ്ച് അപ്പസ്തോലിക് വികാർ ആയിരുന്ന ജോവാനി തേവനോയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വെളിച്ചവും സേവനങ്ങളും നൽകാനെത്തിയ ആഫ്രിക്കയുടെ മിഷനറിമാരായ വൈറ്റ് ഫാതെഴ്സ് ആണ് ക്രിസ്തുവിന്റെ വെളിച്ചം ബുർക്കിനോഫാസോയിൽ പകർന്നു നൽകിയതെന്നാണ് ചരിത്രം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26