ജോസ്‌വിൻ കാട്ടൂർ
വത്തിക്കാൻ സിറ്റി: അടുത്ത വർഷം ആചരിക്കുന്ന 58-ാമത് ലോക ആശയവിനിമയ ദിനത്തിനായി 'ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഹൃദയജ്ഞാനവും: പൂർണതയുള്ള മാനുഷിക ആശയവിനിമയത്തിന്' എന്ന പ്രമേയം തിരഞ്ഞെടുത്ത് ഫ്രാൻസിസ് മാർപാപ്പ. ഇക്കാര്യം അറിയിച്ചു കൊണ്ട് വത്തിക്കാൻ മാധ്യമ കാര്യാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗം മൂലമുള്ള ചില വെല്ലുവിളികളെക്കുറിച്ചും സൂചനയുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളുടെ ആവിർഭാവത്താൽ, നൂതന സാങ്കേതിക ഉപകരണങ്ങളിലൂടെയുള്ള ആശയവിനിമയം, ഇന്ന് കൂടുതൽ സ്വാഭാവികതയുള്ളതായി മാറിയിട്ടുണ്ട്. അതിനാൽ മനുഷ്യന്റെ ചിന്തയിൽ നിന്ന് ഉരുത്തിരിയുന്ന ഭാഷയും ഉപകരണങ്ങൾ നിർമ്മിച്ചെടുക്കുന്ന ഭാഷയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്തവിധം, ഈ സങ്കേതികവിദ്യ ഇന്ന് വികാസം പ്രാപിച്ചിരിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അടിസ്ഥാനമാക്കിയുള്ള ഈ വികാസപരിണാമം മൂലം, തെറ്റായ വിവരങ്ങൾ വലിയ തോതിൽ പ്രചരിക്കാൻ ഇടയാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതോടൊപ്പംതന്നെ, മനുഷ്യർ തമ്മിലുള്ള ആശയവിനിമയത്തിന്റെ ഊഷ്മളത നിലനിർത്താനും ഇതിനകം തനിച്ചായിപ്പോയവരുടെ ഏകാന്തത കൂടുതൽ വർദ്ധിക്കാതിരിക്കാനും ശ്രദ്ധിക്കണം. അനിവാര്യമായ ഈ ലക്ഷ്യത്തോടെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസും അതിന്റെ അൽഗോരിതങ്ങളും രൂപപ്പെടുത്തിയെടുക്കുക എന്നുള്ളത് സുപ്രധാനമായ ഒരു കാര്യമാണ്.
സാമൂഹ്യമാധ്യമങ്ങളും ഇന്റർനെറ്റുമായി കൈകോർത്തുള്ള ഈ നവീന ആശയവിനിമയ രീതിയെക്കുറിച്ച്, ഓരോ വ്യക്തിക്കും ഉത്തരവാദിത്വപൂർണ്ണമായ അവബോധം നൽകുകയെന്നതും പ്രാധാന്യമർഹിക്കുന്നു. സമഗ്രവും സമ്പൂർണവുമായ ജീവൽസമൃദ്ധിലേക്ക് ഓരോ വ്യക്തിയെയും നയിക്കുക എന്നതായിരിക്കണം ഇതിന്റെ ആത്യന്തികമായ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26