തിരുവനന്തപുരം: ബിജെപി കിണഞ്ഞ് ശ്രമിച്ചിട്ടം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ അത് സംഭവിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി. കേരളത്തില്‍ നിന്ന് ഒന്നല്ല, രണ്ട് സീറ്റാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്... തിരുവനന്തപുരവും തൃശൂരും.
ഇതില്‍ തൃശൂര്‍ ഇങ്ങെടുക്കാന്‍ നടന്‍ സുരേഷ് ഗോപിയെത്തന്നെ നിയോഗിക്കും എന്നുറപ്പായി. അതിനു വേണ്ട മുന്നൊരുക്കങ്ങള്‍ അദേഹം മണ്ഡലത്തില്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ അനന്തപുരിയില്‍ ആര് അങ്കത്തിനിറങ്ങും എന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് നിലനില്‍ക്കുകയാണ്.
എന്തായാലും ചില്ലറക്കാരല്ല തലസ്ഥാനത്തെ പോര്‍ക്കളത്തില്‍ കാവി പടച്ചട്ടയണിയുന്നത് എന്നാണ് കേള്‍ക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, മലയാളിയും കേന്ദ്ര ഐ.ടി സഹ മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകള്‍ പലവട്ടം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പ്രധാനമന്ത്രി സാക്ഷാല്‍ നരേന്ദ്ര മോഡിയുടെ പേരും ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്.
മോഡി വന്നാലും ഭയമില്ലെന്ന് സിറ്റിംഗ് എം.പിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ശശി തരൂര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്തും സംഭവിക്കാമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രതികരണം. തിരുവനന്തപുരം അങ്ങനെ രാജ്യം ഉറ്റു നോക്കുന്ന വിവിഐപി മണ്ഡലങ്ങളില്‍ ഒന്നായി മാറിയേക്കും.
കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരനാവും ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥി. അതിനുള്ള ഒരുക്കങ്ങളും തുടങ്ങി. കോണ്‍ഗ്രസില്‍ നിന്ന് അടുത്തയിടെ ബിജെപിയില്‍ ചേക്കേറിയ എ.കെ ആന്റണിയുടെ മകനും പാര്‍ട്ടി ദേശീയ സെക്രട്ടറിയുമായ അനിലിനാണ് എറണാകുളത്ത് പ്രാമുഖ്യം.
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും നടന്‍ കൃഷ്ണ കുമാറും പാലക്കാട്ട് പരിഗണിക്കപ്പെടുന്നു. പത്തനംതിട്ടയില്‍ കുമ്മനം രാജശേഖരന്‍, കണ്ണൂരില്‍ പി.കെ.കൃഷ്ണദാസ്, കാസര്‍കോട്ട് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ എന്നിവരും പരിഗണനയിലുണ്ട്. എന്നാല്‍ സുരേന്ദ്രന്‍ ഇത്തവണ മത്സരിക്കാന്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.
ബിജെപി ദേശീയ വൈസ് പ്രസിഡന്റും മുന്‍ എം.പിയുമായ എ.പി അബ്ദുള്ളക്കുട്ടി മലപ്പുറത്ത് മത്സരിച്ചേക്കും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ശോഭാ സുരേന്ദ്രനും കേന്ദ്ര ഇടപെടലില്‍ സീറ്റ് ലഭിച്ചേക്കും.
ബിഡിജെഎസ് പ്രസിഡന്റും എന്‍.ഡി.എ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയെ ഇത്തവണയും മത്സരിപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമം തുടങ്ങി. തൃശൂര്‍ സീറ്റ് ആവശ്യപ്പെട്ടിരുന്ന തുഷാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ആവശ്യ പ്രകാരമാണ് കഴിഞ്ഞ തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയോട് മത്സരിച്ചത്.
ഇത്തവണയും മത്സരിക്കണമെന്ന് ഡല്‍ഹിയില്‍ നടന്ന കഴിഞ്ഞ എന്‍.ഡി.എ ദേശീയ സമിതി യോഗത്തില്‍ മോഡിയും അമിത് ഷായും തുഷാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. വയനാട്ടില്‍ തന്നെയാവുമോ മത്സരിക്കുകയെന്ന് വ്യക്തമായിട്ടില്ല. വയനാടിന് പുറമെ ആലത്തൂര്‍, ഇടുക്കി, മാവേലിക്കര പാര്‍ലമെന്റ് സീറ്റുകളിലും ബി.ഡി.ജെ.എസ് കഴിഞ്ഞ തവണ മത്സരിച്ചിരുന്നു. ഇത്തവണ ഏഴ് സീറ്റാണ് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.