ജോസ്‌വിൻ കാട്ടൂർ
വത്തിക്കാൻ സിറ്റി: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും അവയോടുള്ള സൃഷ്ടജാലങ്ങളുടെ  പ്രതികരണങ്ങളും ചേതോവികാരങ്ങളും ഉയർത്തിക്കാട്ടി, 24 ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പ്രദർശനം ഒരുക്കി വത്തിക്കാൻ കമ്മ്യൂണിക്കേഷൻ ഡിക്കാസ്റ്ററി. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വാക്കുകളാണ് ഓരോ ചിത്രത്തിനും അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. വത്തിക്കാനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മെത്രാൻ സിനഡിന്റെ പതിനാറാമത് ജനറൽ അസംബ്ലി അവസാനിക്കുന്നതുവരെ 'മാറ്റങ്ങൾ' എന്ന് പേര് നൽകിയിരിക്കുന്ന ഈ പ്രദർശനം തുടരും. 
മനോവികാരങ്ങളിലൂടെ മാറ്റങ്ങൾ ഉളവാകട്ടെ!
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ മനോഹരമായ ലഘുകാവ്യം 'സൃഷ്ടികളുടെ സ്തോത്രഗീതത്തിൽ' നിന്നുള്ള വാക്കുകളാണ് ഓരോ ഫോട്ടോയ്ക്കും  അനുയോജ്യമായ വിധത്തിൽ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്.  കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങളോടുപോലും പ്രത്യാശയോടെ പ്രതികരിക്കുന്ന സൃഷ്ടജാലങ്ങളെയാണ് ഫോട്ടോകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് ദർശിക്കാനാവുന്നത്. സിനഡ് നടക്കുന്ന ഒക്ടോബർ 4 മുതൽ 29 വരെ ഈ പ്രദർശനം നടക്കും. https://emotionstogeneratechange.liabeltrami.it/ എന്ന വെബ്സൈറ്റിലും ഇത് ലഭ്യമാണ്.
ബംഗ്ലാദേശ്, എത്യോപിയ, ആമസോണിയ, ഗ്രീസ്, ഇറ്റലി, ഐസ് ലാൻഡ്, ഓസ്ട്രേലിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. തിരഞ്ഞെടുത്ത ചിത്രങ്ങളും വിശുദ്ധ ഫ്രാൻസിസിന്റെ പ്രാർത്ഥനയും സംയോജിപ്പിച്ച്, സൃഷ്ടിയുടെ വിസ്മയകരമായ സൗന്ദര്യവും വിനാശകരമായ കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള വൈരുദ്ധ്യം നമുക്കു മുമ്പിൽ തുറന്നുകാട്ടുന്നു. സാമൂഹിക-പാരിസ്ഥിതിക പ്രതിസന്ധിയുടെ ഈ കാലത്ത്, വിശുദ്ധ ഫ്രാൻസിസിന്റെ ചൈതന്യത്തോടെ സൃഷ്ടിയെ നോക്കിക്കണ്ട് ദൈവത്തെ സ്തുതിക്കാനും ഇപ്പോഴത്തെ അതിന്റെ ജീർണ്ണാവസ്ഥ മനസ്സിലാക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്താനും ഇത് നമുക്ക് പ്രചോദനം നൽകുന്നു.
 'മാറ്റങ്ങൾ' എന്ന പേര്, കാലാവസ്ഥാ വ്യതിയാനത്തെയും സൃഷ്ടിയുടെ മേലുള്ള അതിന്റെ ആഘാതങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. അതോടൊപ്പം പ്രകൃതിക്കുമേൽ നാം നടത്തിക്കൊണ്ടിരിക്കുന്ന തീവ്ര പരീക്ഷണങ്ങളെ അവസാനിപ്പിക്കാനും നമ്മുടെ കാഴ്ചപ്പാടിലും പ്രവൃത്തിയിലും മാറ്റങ്ങൾ വരുത്തി, 'എന്റെ കർത്താവേ, അങ്ങേയ്ക്ക് സ്തുതി' എന്ന് പരമാർത്ഥ ഹൃദയത്തോടെ പറയാനും ഇത് നമ്മെ ക്ഷണിക്കുന്നു. 
സിനഡിന്റെ മുഴുവൻ സമയവും നടക്കുന്ന ഈ ഫോട്ടോ പ്രദർശനത്തിന്റെ ട്രെയിലർ, ഒക്ടോബർ 4-ന് വത്തിക്കാൻ മാധ്യമ കാര്യാലയം അവതരിപ്പിച്ചു. 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായിൽ നടക്കാനിരിക്കുന്ന COP28 എന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള 28-ാമത് കോൺഫറൻസിലും 'മാറ്റങ്ങൾ' പ്രദർശിപ്പിക്കും. അതേ തുടർന്ന്, ജനുവരിയിൽ ദാവോസ്, മേയിൽ സെന്റ് പീറ്റേഴ്സ് സ്ക്വയർ, സെപ്റ്റംബറിൽ ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിലും ഈ ഫോട്ടോപ്രദർശനം ഉണ്ടായിരിക്കുമെന്ന് വത്തിക്കാൻ മാധ്യമ കാര്യാലയം അറിയിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.