ജെ.ബി കോശി കമ്മീഷന്റെ ശുപാര്‍ശകള്‍ ഉടന്‍ പുറത്തുവിടണം: കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

ജെ.ബി കോശി കമ്മീഷന്റെ ശുപാര്‍ശകള്‍ ഉടന്‍ പുറത്തുവിടണം: കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

കാഞ്ഞിരപ്പള്ളി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്ക അവസ്ഥ പഠിക്കുവാന്‍ നിയോഗിച്ച ജെ.ബി കോശി കമ്മീഷന്റെ ശുപാര്‍ശകള്‍ ഉടന്‍ പുറത്തുവിടണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപെട്ടു. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരു തുടര്‍ നടപടിയും സ്വീകരിക്കുകയോ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ല.

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ആവലാതികള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ തുടര്‍ നടപടികള്‍ വൈകുന്ന ഒരോ ദിവസവും ക്രൈസ്തവ സമൂഹത്തിന് അര്‍ഹമായ നീതി നിഷേധിക്കപ്പെടുകയാണ്.

4.87 ലക്ഷം പരാതികള്‍ പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് വേണ്ടത്ര പ്രാധാന്യത്തോടെ സര്‍ക്കാര്‍ പരിഗണിക്കാതിരിക്കുന്നതും തുടര്‍ നടപടികള്‍ വൈകിപ്പിക്കുന്നതും റിപ്പോര്‍ട്ടിന്റെ കാലോചിത പ്രസക്തി നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അര്‍ഹമായ നീതി, സമസ്ത മേഖലയിലും നടപ്പാക്കപ്പെടണമെന്നു ആഗ്രഹിക്കുന്ന ക്രൈസ്തവ സമുദായത്തിന് ഏറെ വേദന ഉളവാക്കുന്നതാണ് റിപ്പോര്‍ട്ട് നടപ്പാക്കാതെ വൈകിപ്പിക്കുന്നത്. എത്രയും വേഗം റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വയ്ക്കണമെന്നും സഭകളുമായി ആലോചിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26