സിറിയയില്‍ സൈനിക അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെ ഡ്രോണ്‍ ആക്രമണത്തില്‍ നൂറിലേറെ മരണം, 240 പേർക്ക് പരിക്ക്

സിറിയയില്‍ സൈനിക അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെ ഡ്രോണ്‍ ആക്രമണത്തില്‍ നൂറിലേറെ മരണം, 240 പേർക്ക് പരിക്ക്

ദമാസ്‌കസ്: സിറിയയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 240-ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപ വര്‍ഷങ്ങളില്‍ സിറിയയിലെ സൈന്യത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. ആറ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരും സൈനിക ഉദ്യോഗസ്ഥരും അപകടത്തില്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രി ഹസന്‍ അല്‍ ഗബാഷ് അറിയിച്ചു.

മധ്യ സിറിയന്‍ നഗരമായ ഹോംസില്‍ സൈനിക അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. സിറിയന്‍ പ്രതിരോധ മന്ത്രിയും ചടങ്ങില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളെ കൂടാതെ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട കുടുംബങ്ങളും അപകടത്തില്‍പ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരാനാണ് സാധ്യത.

യുവ സൈനികരെയും അവിടെ സന്നിഹിതരായിരുന്ന ഇവരുടെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് സിറിയന്‍ സൈന്യം പറഞ്ഞു

ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ 'തീവ്രവാദ സംഘടനകളാണെന്നാണ്' സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു പുറമെ, കുര്‍ദിഷ് അധീനതയിലുള്ള പ്രദേശത്ത് നടന്ന വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി കുര്‍ദിഷ് സേന അറിയിച്ചു.

ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് റിപ്പോര്‍ട്ട് പ്രകാരം, നൂറിലധികം പേര്‍ മരിച്ചതായും അതില്‍ പകുതിയോളം പേര്‍ സൈനിക ബിരുദധാരികളും 14 പേര്‍ സാധാരണ പൗരന്മാരുമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം നിലവില്‍ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

ആക്രമണത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം സിറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോമിലെ ആക്രമണത്തിന് ശേഷം, വ്യാഴാഴ്ച വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് മേഖലയില്‍, വ്യാപകവും രൂക്ഷവുമായ ബോംബാക്രമണം നിവാസികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതുകൂടാതെ, സിറിയയിലെ വടക്കുപടിഞ്ഞാറന്‍ പ്രതിപക്ഷ മേഖലയിലെ നിരവധി പട്ടണങ്ങളില്‍ നടന്ന ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാത്രി അലപ്പോ പ്രവിശ്യയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് സിറിയന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ ഒരു വൃദ്ധയും അവളുടെ നാല് കുട്ടികളും കൊല്ലപ്പെട്ടതായി രക്ഷാപ്രവര്‍ത്തകരും ഒബ്‌സര്‍വേറ്ററിയും അറിയിച്ചു.

ഇതിനു മുന്‍പും സര്‍ക്കാര്‍ അധീനതയിലുള്ള പ്രദേശങ്ങളില്‍ ജിഹാദി സംഘം ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.