സമാധാനത്തിനുള്ള നൊബേല്‍ ഇറാന്‍ തടവറയിലേക്ക്; പുരസ്‌കാരം ഇറാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക്

സമാധാനത്തിനുള്ള നൊബേല്‍ ഇറാന്‍ തടവറയിലേക്ക്; പുരസ്‌കാരം ഇറാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക്

ഓസ്ലോ: ഇറാന്‍ ഭരണകൂടം തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള 2023 ലെ നൊബേല്‍ പുരസ്‌കാരം.

ഇറാനിലെ സ്തീകളെ അടിച്ചമര്‍ത്തുന്നതിനെതിരായും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പോരാട്ടം കണക്കിലെടുത്താണ് പുരസ്‌കാരം.

ശരീരം പൂര്‍ണമായും മറച്ച് സ്ത്രീകള്‍ പൊതുവിടങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ക്ക് എതിരെയാണ് നര്‍ഗിസിന്റെ പോരാട്ടമെന്ന് നൊബേല്‍ പുരസ്‌കാര കമ്മിറ്റി വ്യക്തമാക്കി.

നര്‍ഗീസ് മുഹമ്മദിയുടെ പോരാട്ടം മൂലം അവര്‍ക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും നോബേല്‍ കമ്മിറ്റി വിലയിരുത്തി. ജയിലില്‍ വച്ചാണ് നര്‍ഗീസ് പുരസ്‌കാര വാര്‍ത്ത അറിഞ്ഞത്.

ഇറാന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ വ്യക്തിയാണ് നര്‍ഗീസ് മുഹമ്മദി. വിവിധ കുറ്റങ്ങള്‍ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് നര്‍ഗീസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.

ബെലാറൂസില്‍ തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഏല്‍സ് ബിയാലിയാറ്റ്സ്‌കിയും റഷ്യയിലെ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍, യുക്രെയ്നിലെ മനുഷ്യാവകാശ സംഘടനയായ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവയുമായിരുന്നു കഴിഞ്ഞ വര്‍ഷം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹമായത്.

ഇത്തവണത്തെ നോബേല്‍ പുരസ്‌കാരങ്ങളില്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ളതാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. അത് ഒന്‍പതിന് പ്രഖ്യാപിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.