അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍; മുന്നൊരുക്കങ്ങള്‍ തുടങ്ങി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്  പ്രഖ്യാപനം ഉടന്‍; മുന്നൊരുക്കങ്ങള്‍ തുടങ്ങി

ന്യൂഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കും. നവംബര്‍ പകുതിയോടെ തുടങ്ങി ഡിസംബര്‍ ആദ്യം പൂര്‍ത്തിയാകുന്ന വിധമായിരിക്കും തിരഞ്ഞെടുപ്പെന്നാണ് സൂചന.

ഈ സംസ്ഥാനങ്ങളിലെ നിരീക്ഷകരുടെ യോഗം വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടവും ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലുമായിട്ടാവും തിരഞ്ഞെടുപ്പ്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണായകമായ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്. മധ്യപ്രദേശ് ബിജെപിയും മിസോറം എന്‍ഡിഎ സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടുമാണ് ഭരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസാണ് ഭരണത്തില്‍. തെലങ്കാനയില്‍ എന്‍.ടി രാമറാവുവിന്റെ ബിആര്‍എസും.

ഭരണവിരുദ്ധ വികാരവും പ്രാദേശിക പ്രശ്‌നങ്ങളും മറികടന്ന് ഭരണം നിലനിര്‍ത്തുക എന്നതാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മുന്നിലുള്ള വെല്ലുവിളി. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കടുത്ത ഭരണ വിരുദ്ധ വികാരമാണ് നേരിടുന്നത്. അതിനാല്‍ കൂടുതല്‍ പുതുമുഖങ്ങളെ അണിനിരത്താനാണ് തീരുമാനം. ഇതുവരെ 78 സ്ഥാനാര്‍ഥികളുടെ പേരുകളില്‍ തീരുമാനമായി. ഇതില്‍ മൂന്ന് കേന്ദ്രമന്ത്രിമാരും നാല് എം.പി.മാരുമുണ്ട്.

നാല് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരിക്കുന്നത്. പ്രധാനമന്ത്രിയായിരിക്കും മുഖ്യ പ്രചാരകന്‍. രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരമില്ലെങ്കിലും അശോക് ഗെലോട്ട്്-സച്ചിന്‍ പൈലറ്റ് ഗ്രൂപ്പുപോര് താഴെത്തട്ടില്‍ കോണ്‍ഗ്രസിന് പ്രതിസന്ധിയാണ്.

മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനിലും ഛത്തീസ്ഗഢിലും നിലവിലുള്ള മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ടും ഭൂപേഷ് ബാഗലുമായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യമുഖങ്ങള്‍. തെലങ്കാനയില്‍ ബിആര്‍എസിനെ കോണ്‍ഗ്രസും ബിജെപിയും നേരിടുന്നു. സാങ്കേതികമായി ത്രികോണ മത്സരമാണെങ്കിലും ബിആര്‍എസും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന  പോരാട്ടം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.