പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്: ഹമാസ് ആക്രമണത്തില്‍ മരണം 20 ആയി; തിരിച്ചടിച്ച് ഇസ്രയേല്‍: മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ബങ്കറുകളിലേക്ക് മാറി

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്: ഹമാസ് ആക്രമണത്തില്‍ മരണം 20 ആയി; തിരിച്ചടിച്ച് ഇസ്രയേല്‍: മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ബങ്കറുകളിലേക്ക് മാറി

ഇസ്രയേല്‍ നഗരങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.
ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഒരു പാലസ്തീന്‍കാരന്‍ കൊല്ലപ്പെട്ടു.
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇന്ത്യക്കാരോട് വിദേശകാര്യ മന്ത്രാലയം.
അടിയന്തര സാഹചര്യത്തില്‍ + 97235226748 എന്ന നമ്പരില്‍ ബന്ധപ്പെടണം.

ടെല്‍ അവീവ്: പാലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. 300 ലധികം പേര്‍ക്ക് പരിക്കേറ്റു. യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം ഇസ്രയേല്‍ തുടങ്ങിയ പ്രത്യാക്രമണത്തില്‍ ഒരു പാലസ്തീന്‍ പൗരന്‍ കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയതോടെ ഇസ്രായേലിലെ വിമാനത്താവളങ്ങള്‍ അടച്ചു.

വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലിന്റെ കര, നാവിക സേനകളും യുദ്ധ സന്നാഹങ്ങളുമായി ഗാസാ മുനമ്പിലേക്ക് നീങ്ങിത്തുടങ്ങി. തങ്ങളെ ആക്രമിച്ച ഹമാസ് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.

വിവിധ സേനാ തലവന്‍മാരുമായി നടത്തിയ അടിയന്തര ചര്‍ച്ചകള്‍ക്ക് ശേഷമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. കടുത്ത പ്രതിരോധ നടപടികള്‍ക്ക് ഇസ്രായേല്‍ സൈന്യത്തിന് പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.


അറുപതിലധികം ഹമാസ് തീവ്രവാദികള്‍ യന്ത്ര തോക്കുകളും മറ്റ് ആയുധങ്ങളുമായി ഇസ്രയേലിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് പുതിയ വിവിരം. പല നഗരങ്ങളിലും ഏറ്റുമുട്ടല്‍ തുടരുകയാണ്. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന 18000 ത്തോളം വരുന്ന ഇന്ത്യക്കാരില്‍ 6000 ത്തോളം പേര്‍ മലയാളികളാണ്.

സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ പൗരന്‍മാരോട് നിര്‍ദേശിച്ചു. അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. അടിയന്തര സാഹചര്യത്തില്‍ + 97235226748 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

മൂന്ന് മണിക്കൂറില്‍ 5000 റോക്കറ്റുകളാണ് ഹമാസ് തൊടുത്തുവിട്ടതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിലെ കെട്ടിടങ്ങളിലും റോക്കറ്റുകള്‍ പതിച്ചു. നിരവധി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇസ്രായേല്‍ നഗരങ്ങളില്‍ ഇടവിട്ട് സൈറണ്‍ മുഴങ്ങുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.