ആശയങ്ങളെക്കാൾ ശ്രേഷ്ഠമാണ് പ്രവർത്തനം; 'ഫ്രാൻസിസിന്റെ സമ്പദ്ഘടനയോട് ' മാർപ്പാപ്പയുടെ സന്ദേശം

ആശയങ്ങളെക്കാൾ ശ്രേഷ്ഠമാണ് പ്രവർത്തനം; 'ഫ്രാൻസിസിന്റെ സമ്പദ്ഘടനയോട് ' മാർപ്പാപ്പയുടെ സന്ദേശം

ജോസ്‌വിൻ കാട്ടൂർ

വത്തിക്കാൻ സിറ്റി: ആരെയും പിന്നിലേക്ക് തള്ളിക്കളയാത്തവിധത്തിൽ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനും സമ്പദ്ഘടന പുനർനിർമ്മിക്കാനും യുവ സാമ്പത്തിക വിദഗ്ധരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. 'ഇക്കോണമി ഓഫ് ഫ്രാൻസിസ്' അഥവാ ഫ്രാൻസിസിന്റെ സമ്പദ്ഘടന എന്ന പ്രസ്ഥാനം ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തവർക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.തന്റെ സന്ദേശങ്ങളിൽ ആവർത്തിച്ചു പറയാറുള്ളതുപോലെ, 'ആശയങ്ങളെക്കാൾ ശ്രേഷ്ഠമാണ് യാഥാർത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം' എന്ന വാക്കുകൾ പാപ്പാ എടുത്തുപറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളുന്നതും നീതിയുക്തവുമായ ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ പാപ്പ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

വിപരീതങ്ങളുടെ ഐക്യം

യാഥാർത്ഥ്യം പലപ്പോഴും വിപരീത ശക്തികളെ ഉൾക്കൊള്ളുന്ന വിധത്തിലാണ് പ്രകടമാകുന്നതെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. ചെറുതും വലുതും, കൃപയും സ്വാതന്ത്ര്യവും, നീതിയും സ്നേഹവുമെല്ലാം ഒരേ യാഥാർത്ഥ്യത്തിൻറെ വിപരീത വശങ്ങളാണ്. അവയിൽ ഒന്ന് തെരഞ്ഞെടുക്കുകയും മറ്റതിനെ ഒഴിവാക്കുകയും ചെയ്യുന്നതിനു പകരം, ഇവയെല്ലാം ഒരു ഉയർന്ന തലത്തിൽ സമന്വയിപ്പിക്കണം. എന്നാൽ മാത്രമേ, ഒരു പൊതുവായ അടിസ്ഥാനം കണ്ടെത്തി സാമ്പത്തിക വൈരുദ്ധ്യങ്ങളുടെ വെല്ലുവിളി അഭിമുഖീകരിക്കാൻ നമുക്കു സാധിക്കൂ.

അസമത്വങ്ങൾ കൂടിവരുന്ന ഒരു ലോകത്ത്, സന്തുലിതാവസ്ഥയും സഹകരണവും ഉറപ്പാക്കി പൊതുനന്മയ്ക്കായി ഇരുപക്ഷങ്ങളും ഒന്നിച്ചുനിൽക്കണമെങ്കിൽ ഇപ്രകാരമുള്ള ഒരു സമീപനമാണ് വേണ്ടത്.

ഉൾചേർക്കാനുള്ള ക്ഷണം

തങ്ങളുടെ കാഴ്ചപ്പാടുകൾ വിശാലമാക്കണമെന്നും വൈവിധ്യമാർന്ന ശബ്ദങ്ങൾക്ക് ഇടം നൽകണമെന്നും യുവ സാമ്പത്തിക വിദഗ്ധരോട് പാപ്പ അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് ദീർഘനാളുകളായി പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും കാഴ്ചപ്പാടുകളെ വിലമതിക്കേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് അടിവരയിട്ടു പറഞ്ഞു.

അവരുടെ അതുല്യമായ ഉൾക്കാഴ്ചകൾ മൂലം, ഭൗതിക സമ്പത്തിൽ നിന്ന് അർത്ഥവത്തായ ബന്ധങ്ങളിലേക്കും സമ്പത്തിന്റെ ശേഖരണത്തിൽ നിന്ന് തുല്യമായ വിതരണത്തിലേക്കും അമൂർത്തമായ ആശയങ്ങളിൽ നിന്ന് മൂർത്തമായ യാഥാർത്ഥ്യങ്ങളിലേക്കും നമ്മുടെ ശ്രദ്ധ തിരിക്കാൻ സഹായിക്കുമെന്ന് പാപ്പാ വിശദീകരിച്ചു. സാമ്പത്തിക സിദ്ധാന്തങ്ങളുടെ പ്രയോഗത്തിൽ ഉൾപ്പെടുത്തലിന്റേതായ ആഴത്തിലുള്ള ഒരു മാറ്റം ഇത് നമ്മിൽ നിന്ന് ആവശ്യപ്പെടുന്നു.

യാത്രയുടെ സമ്പദ്‌വ്യവസ്ഥ

യേശുവിന്റെയും ശിഷ്യൻമാരുടെയും അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, 'യാത്രയുടെ സമ്പദ്‌വ്യവസ്ഥയുടെ' പ്രാധാന്യം മാർപാപ്പ എടുത്തുകാണിച്ചു. നമ്മുടെ ദൗർബല്യങ്ങൾ മറ്റുള്ളവരെ ആശ്രയിക്കാനും വിശ്വസിക്കാനും നമ്മെ പ്രേരിപ്പിക്കുന്നു. സാമ്പത്തിക ശാസ്ത്രം ഒറ്റപ്പെട്ടതല്ല മറിച്ച്, അതിനെ മറ്റു വിഷയങ്ങളുമായി സംയോജിപ്പിക്കണം. ഇതിന് പ്രായോഗികമായ ഇടപെടലുകൾ ആവശ്യമാണ്. വെല്ലുവിളികൾ നിറഞ്ഞ പാതയിലൂടെ കടന്നുപോകുന്ന ഒരു തീർഥാടകനെ പോലെ, പൊതുനന്മ ലക്ഷ്യം വച്ചു മുന്നേറുമ്പോൾ നമ്മുടെ കരങ്ങളിൽ അഴുക്കു പുരണ്ടെന്നു വരാം - പാപ്പാ ഓർമ്മപ്പെടുത്തി

ക്ഷമയും സ്ഥിരോത്സാഹവും

അവസാനമായി, മാറ്റത്തിന് സമയമെടുക്കുമെന്നും അതിനായി വിഭവസമൃദ്ധി ആവശ്യമാണെന്നും പാപ്പ വ്യക്തമാക്കി. നിലവിലുള്ള സംവിധാനങ്ങളിലേക്ക് പുതിയ സാമ്പത്തിക സമീപനങ്ങളെ ഉടനടി സംയോജിപ്പിക്കാൻ കഴിഞ്ഞേക്കില്ല. പക്ഷേ, ഇത് നമ്മെ പിന്തിരിപ്പിക്കാൻ പാടില്ല. നമ്മുടെ പ്രയത്‌നങ്ങൾ ക്രമേണ വികാസം പ്രാപിച്ച് നിലനിൽക്കുന്ന ബന്ധങ്ങൾ സ്ഥാപിക്കുന്നതുവരെ ദൃഢനിശ്ചയത്തോടെ അതിനെ പരിപോഷിപ്പിക്കാൻ നമുക്ക് ക്ഷമ ഉണ്ടായിരിക്കണം. കൂടുതൽ നീതിയുക്തവും ഉൾക്കൊള്ളുന്നതുമായ ഒരു സാമ്പത്തിക ലോകത്തിനായി നാം പരിശ്രമിക്കുമ്പോൾ, സ്ഥിരോത്സാഹവും ക്ഷമയോടെയുള്ള കാത്തിരിപ്പും അനിവാര്യമായ ഗുണങ്ങളാണെന്ന് പാപ്പ അഭിപ്രായപ്പെട്ടു.

മാറ്റങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന യുവ സാമ്പത്തിക വിദഗ്ധരുടെയും സംരംഭകരുടെയും ഒരു അന്താരാഷ്ട്ര പ്രസ്ഥാനമാണ്. 'ഇക്കോണമി ഓഫ് ഫ്രാൻസിസ്' (EoF). കഴിഞ്ഞവർഷം അസീസിയിൽ വച്ചായിരുന്നു നവ സമ്പദ്ഘടനയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സമ്മേളനം യുവജനങ്ങളുടെ ആഭിമുഖ്യത്തിൽ നടന്നത്. ഈ വർഷം ഓൺലൈനായി നടത്തിയത് പ്രസ്ഥാനത്തിന്റെ നാലാമത് അന്താരാഷ്ട്ര സമ്മേളനമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.