ഹൈദരാബാദ്: സിക്കിമിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിന് പിന്നാലെ തെലുങ്ക് നടി സരള കുമാരിയെ കാണാനില്ലെന്ന് പരാതി. അമേരിക്കയില്‍ താമസിക്കുന്ന മകള്‍ നബിതയാണ് പരാതി നല്‍കിയത്. അമ്മയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് നബിത തെലങ്കാന സര്‍ക്കാരിനോട് അപേക്ഷിച്ചിരിക്കുകയാണ്.
ഹൈദരാബാദില്‍ താമസിക്കുന്ന താരം അടുത്തിടെ സുഹൃത്തുക്കളോടൊപ്പം സിക്കിമിലേയ്ക്ക് ഒരു യാത്ര പോയിരുന്നു. യാത്ര പോകുമെന്ന കാര്യം മകളെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തു. ഒക്ടോബര്‍ മൂന്നിനാണ് സരള കുമാരി നബിതയോട് അവസാനമായി സംസാരിച്ചത്. പിന്നീട് ഇവരുടെ ഒരു വിവരവും ഉണ്ടായിട്ടില്ല. സിക്കിമിലെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലേയ്ക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഹൈദരാബാദിലെ ഹൈടെക് സിറ്റി ഏരിയയിലെ ഹോട്ടലിലായിരുന്നു സരള കുമാരി താമസിച്ചിരുന്നത്. 1983 ല്‍ മിസ് ആന്ധ്രാപ്രദേശായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് സരള കുമാരി ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചത്. നിരവധി തെലുങ്ക് ചിത്രത്തില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
അതേസമയം, സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കായി ആറാം ദിവസവും തെരച്ചില്‍ തുടരുകയാണ്. നൂറിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. 77 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. പലയിടത്തും ചെളി നീക്കം ചെയ്താണ് തെരച്ചില്‍ നടത്തുന്നത്. സൈനികര്‍ ഉള്‍പ്പെടെ 40ഓളം പേരാണ് മിന്നല്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടത്.
ഹെലികോപ്ടര്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്. ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ ഇപ്പോഴും പലയിടത്തും കുടുങ്ങിക്കിടക്കുകയാണ്. ദുരന്തം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘം ഇന്നും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.