ഗാസ പിടിക്കാന്‍ ഇസ്രയേല്‍: അതിര്‍ത്തിയില്‍ ഒരു ലക്ഷം പട്ടാളക്കാര്‍; ആറ് അമേരിക്കന്‍ പടക്കപ്പലുകളും രംഗത്ത്, ആകെ മരണം 2100 കടന്നു

ഗാസ പിടിക്കാന്‍ ഇസ്രയേല്‍: അതിര്‍ത്തിയില്‍ ഒരു ലക്ഷം പട്ടാളക്കാര്‍; ആറ് അമേരിക്കന്‍ പടക്കപ്പലുകളും രംഗത്ത്, ആകെ മരണം 2100 കടന്നു

ഹമാസിന്റെ ആക്രമണങ്ങളില്‍ 11 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ ഇടപെടലിന് ആക്കം കൂട്ടി.

ടെല്‍ അവീവ്: ഹമാസ് ഭീകരരുടെ നിയന്ത്രണത്തില്‍ നിന്നും ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കം തുടങ്ങി. ഇതിനായി ഒരു ലക്ഷം പട്ടാളക്കാര്‍ അതിര്‍ത്തിയില്‍ എത്തി. മുക്കാല്‍ ലക്ഷത്തോളം പട്ടാളക്കാര്‍ കൂടി അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

അയ്യായിരം നാവികരും ഒട്ടേറെ പോര്‍ വിമാനങ്ങളും മിസൈലുകളും അടങ്ങുന്ന അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ജറാള്‍ഡ് ആര്‍ ഫോര്‍ഡും മറ്റ് അഞ്ച് യുദ്ധക്കപ്പലുകളും ഇസ്രയേല്‍ തീരം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഹമാസിന്റെ ആക്രമണങ്ങളില്‍ 10 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ ഇടപെടലിന് ആക്കം കൂട്ടി. വൈദ്യുതി, ഭക്ഷണം, കുടിവെള്ളം, ഇന്ധനം അടക്കം സമ്പൂര്‍ണ ഉപരോധത്തിലാണ് ഗാസയെന്ന് ഇസ്രയേലി പ്രതിരോധമന്ത്രി യൊവ് ഗാല്ലന്റ് അറിയിച്ചു.ഗാസയിലെ ഒരു ലക്ഷത്തി ഇരുപതിനായിരം പേര്‍ ഭവന രഹിതരായെന്ന് യു.എന്‍ വെളിപ്പെടുത്തി.


മൂന്നു ദിവസമായി തുടരുന്ന ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളില്‍ ഗാസ മേഖലയില്‍ 1300 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ബന്ദികളാക്കി വച്ചിരുന്ന നാലു ഇസ്രയേലികളുമുണ്ടെന്ന് ഹമാസ് അറിയിച്ചു. പല രാജ്യക്കാര്‍ അടക്കം ഇസ്രയേലില്‍ നിന്നു പിടിച്ചുകൊണ്ടു പോയ നൂറിലേറെപ്പേര്‍ ഇപ്പോഴും ബന്ദികളാണ്.

ഹമാസിന്റെ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ ഇതുവരെ എണ്ണൂറുപേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പല ഭാഗങ്ങളിലും ഹമാസ് പോരാളികളുമായി ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെങ്കിലും അത് ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ മാത്രമായി ചുരുങ്ങി.

ഇസ്രയേലിനു നേര്‍ക്ക് ഇപ്പോഴും ഹമാസിന്റെ റോക്കറ്റ് ആക്രമണം തുടരുകയാണ്. ഗാസയ്ക്ക് നേരെയുള്ള മിസൈല്‍ ആക്രമണങ്ങള്‍ ഇസ്രയേലും തുടരുകയാണ്. ഇരു പക്ഷത്തുമായി 5,000 ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 2,200 ലധികം പേര്‍ ഇസ്രയേലിലാണ്. 2,700 ലധികം പേര്‍ ഗാസയിലും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.