ട്രംപിനെ അറസ്റ്റ് ചെയ്യാൻ ഇറാൻ വീണ്ടും ഇന്റർപോളിനെ സമീപിച്ചു

ട്രംപിനെ അറസ്റ്റ് ചെയ്യാൻ ഇറാൻ വീണ്ടും ഇന്റർപോളിനെ സമീപിച്ചു

ടെഹ്‌റാൻ : അമേരിക്കൻ പ്രസിഡണ്ട് ട്രംപിനെയും മറ്റ് 47 യുഎസ് ഉദ്യോഗസ്ഥരെയും അറസ്റ്റുചെയ്യാൻ "റെഡ് നോട്ടീസ്" നൽകാൻ ഇറാൻ ഇന്റർപോളിനോട് ആവശ്യപ്പെട്ടു . യുഎസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ ഇറാൻ രണ്ടാം തവണയാണ് സഹായം ആവശ്യപ്പെടുന്നത്.

ഇറാന്റെ ആവശ്യത്തിന് മറുപടിയായി, രാഷ്ട്രീയ അല്ലെങ്കിൽ സൈനിക ആശങ്കകളാൽ പ്രചോദിതമെന്ന് കരുതപ്പെടുന്ന റെഡ്‌നോട്ടീസ് അഭ്യർത്ഥനകൾ പരിഗണിക്കുന്നതല്ലെന്ന നിലപാട് ഇന്റർപോൾ ആവർത്തിച്ചു.

ഇറാൻ രഹസ്യാന്വഷണ മേധാവി കാസിം സോലൈമാനിയുടെ കൊലപാതകത്തിലെ പ്രധാന കുറ്റവാളിയാണ് ട്രമ്പെന്നു ഇറാൻ ജുഡീഷ്യറി വക്താവ് ഗോലാംഹോസെൻ ഇസ്മായിലി പറഞ്ഞു. സോലൈമാനിയുടെ കൊലപാതകം തീവ്രവാദ കുറ്റകൃത്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റെഡ് നോട്ടീസ് അഭ്യർത്ഥനയിൽ യുഎസ് സൈനിക മേധാവികളും പെന്റഗണിലെ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കഴിഞ്ഞ ജനുവരിയിൽ ബാഗ്ദാദിൽ സോലൈമാനിയെ ലക്ഷ്യമിട്ടുള്ള യുഎസ് ആക്രമണം നിയമവിരുദ്ധവും അന്താരാഷ്ട്ര നിയമപ്രകാരം ഏകപക്ഷീയവുമാണെന്നും ഇറാഖിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്നും ഇറാൻ ആരോപിക്കുന്നു.

കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനോ  ജയിൽ ശിക്ഷ അനുഭവിക്കുന്നതിൽ നിന്നും ഒളിച്ചോടുന്നവരെയോ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സഹായിക്കുന്നതിന് ലോകമെമ്പാടുമുള്ള നിയമ നിർവഹണ ഏജൻസികളോടുള്ള അഭ്യർത്ഥനയാണ് ഇന്റർപോൾ റെഡ് നോട്ടീസ്. അന്താരാഷ്ട്ര പോലീസ് സംഘത്തിന്റെ ഭരണഘടനയനുസരിച്ച്, രാഷ്ട്രീയ, സൈനിക, മത, വംശീയ സ്വഭാവമുള്ള ഇടപെടലുകളോ പ്രവർത്തനങ്ങളോ സംഘടന നടത്തുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്ന് ഇന്റർപോളിന്റെ ജനറൽ സെക്രട്ടേറിയറ്റ് പറഞ്ഞു.

കഴിഞ്ഞ ജൂണിൽ യുഎസ് പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്യാനുള്ള ആദ്യ അഭ്യർത്ഥന ഇറാൻ പുറപ്പെടുവിച്ചിരുന്നു. ഇറാനിയൻ ജനറലിന്റെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരുടെയും മരണത്തിന് ഉത്തരവാദിയായ ട്രംപിനെ ഈ മാസം അവസാനം പ്രസിഡണ്ട് സ്ഥാനത്തുനിന്ന് വിട്ടുപോയതിനുശേഷവും പിന്തുടരുന്നത് അവസാനിപ്പിക്കില്ലെന്ന് ഇറാൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.