ഇസ്രയേലിൽ ഹമാസ് നടത്തിയത് തിൻമയുടെ അഴിച്ചുവിടൽ; 14 അമേരിക്കൻ പൗരൻമാർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ജോ ബൈഡൻ

ഇസ്രയേലിൽ ഹമാസ് നടത്തിയത് തിൻമയുടെ അഴിച്ചുവിടൽ; 14 അമേരിക്കൻ പൗരൻമാർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ജോ ബൈഡൻ

വാഷിം​ഗ്ടൺ : ഇസ്രയേൽ- ഹമാസ് യുദ്ധം അഞ്ചാം ദിനത്തിലും തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രയേലിൽ ഹമാസ് നടത്തിയത് തിൻമയുടെ അഴിച്ചുവിടലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. പലസ്തീൻ തീവ്രവാദി സംഘം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ കുറഞ്ഞത് 14 അമേരിക്കക്കാർ ഉൾപ്പെടെ 1000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതിൽ ബൈഡൻ ദുഖം രേഖപ്പെടുത്തി. ഇസ്രായേലിന് യുഎസ് പിന്തുണ ആവർത്തിച്ച ബൈഡൻ ഇറാന്റെ പിന്തുണയുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസ് ബന്ദികളാക്കിയ അമേരിക്കക്കാരെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചു.

'ശുദ്ധമായ കലർപ്പില്ലാത്ത തിന്മ ഈ ലോകത്തിലേക്ക് അഴിച്ചുവിട്ടിരിക്കുന്നു. ഈ വാരാന്ത്യത്തിൽ ഇസ്രായേൽ ജനത അത്തരത്തിലുള്ള ഒരു നിമിഷത്തിലൂടെയാണ് ജീവിച്ചത്,' ബൈഡൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ വീണ്ടും ഫോണിൽ സംസാരിച്ചു. ഇസ്രയേലിന്റെ പോരാട്ടത്തിൽ സഹായിക്കാൻ യുഎസ് സൈനിക സഹായം അയച്ചതായി അദേഹം സ്ഥിരീകരിച്ചു. ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനായി ലോകമെമ്പാടുമുള്ള സഖ്യകക്ഷികളുമായി അമേരിക്ക ആശയവിനിമയം നടത്തുന്നുണ്ടെന്നും ബൈഡൻ അറിയിച്ചു. 

ഹമാസ് തീവ്രവാദികൾ ബന്ദികളാക്കിയ അമേരിക്കൻ പൗരന്മാരുടെ അവസ്ഥയോ കൃത്യമായ എണ്ണമോ സ്ഥിരീകരിക്കാനാകാതെ വൈറ്റ് ഹൗസ്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 20-ലധികം യുഎസ് പൗരന്മാരെക്കുറിച്ച് നിലവിൽ വിവരമൊന്നുമില്ലെന്നും, എന്നാൽ അവരെല്ലാം ഹമാസിന്റെ ബന്ദികളാണെന്ന് ഇതിനർത്ഥമില്ലെന്നും അദേഹം പറഞ്ഞു.

'അവരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല, കാണാതായ കൃത്യമായ അമേരിക്കൻ പൗരന്മാരുടെ എണ്ണം ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. കാണാതായ ഇരുപതോ അതിലധികമോ അമേരിക്കക്കാർ ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പക്ഷേ അവരാരും ഹമാസിന്റെ ബന്ദികളാണെന്ന് ഇത് അർത്ഥമാക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

അതേ സമയം ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇസ്രയേലിൽ ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 900 കടന്നു. വെസ്റ്റ് ബാങ്കിൽ 21 പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിൽ അഞ്ചാം ദിവസവും കനത്ത ബോബാക്രമണമാണ് ഇസ്രയേൽ നടത്തിയത്.

കുടിവെള്ളവും ഭക്ഷ്യ വസ്തുക്കളും ഇല്ലാതെ ഗാസ നിവാസികൾ വൻ ദുരന്തമാണ് അഭിമുഖീകരിക്കുന്നത്. അഞ്ച് ദിവസമായി മേഖലയിൽ വൈദ്യുതിയും ഇല്ല. പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തർകർന്നതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. കാനഡ അടക്കം കൂടുതൽ രാജ്യങ്ങൾ ഇസ്രയേലിൽ നിന്നും പൗരന്മാരെ രക്ഷപ്പെടുത്താൻ കാനഡ അടക്കമുള്ള കൂടുതൽ രാജ്യങ്ങൾ നീക്കം തുടങ്ങി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.