ഇസ്രായേലിനു വേണ്ടി പ്രാർത്ഥിക്കണം; വിശ്വാസികളോട് ആഹ്വാനം ചെയ്ത് മാർ ജോസഫ് പാംപ്ലാനി

ഇസ്രായേലിനു വേണ്ടി പ്രാർത്ഥിക്കണം; വിശ്വാസികളോട് ആഹ്വാനം ചെയ്ത് മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: ഇസ്രായേലിനു വേണ്ടി പ്രാർത്ഥിക്കുവാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത ആർച്ചു ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി. വിശുദ്ധ നാടുകളെ സംരക്ഷിക്കുന്നതും അനേകം ക്രിസ്ത്യാനികൾ ജോലി ചെയ്യുന്നതുമായ രാജ്യമാണ് ഇസ്രായേൽ. ഈ യുദ്ധ സമയത്ത് രാജ്യത്തിനുവേണ്ടിയുള്ള പ്രാർത്ഥന ആവശ്യമാണെന്ന് പാംപ്ലാനി പറഞ്ഞു.

കഴിഞ്ഞ ദിവസം ലോകം മുഴുവൻ ഇസ്രായേലിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തിരുന്നു. ഇസ്രായേലിലും പലസ്തീനിലും നടക്കുന്ന സംഘർഷങ്ങൾ അവസാനിക്കാനും ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുലരാനും ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാലയ്ക്കായി പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ഒക്ടോബർ മാസത്തിൽ ലോകമെമ്പാടും സമാധാനത്തിനായും ഇപ്പോൾ റോമിൽ നടന്നുകൊണ്ടിരിക്കുന്ന സിനഡിനു വേണ്ടിയും പ്രാർത്ഥിക്കാൻ പരിശുദ്ധ പിതാവ് വിശ്വാസികളോട് ആവശ്യപ്പെട്ടു.

യുദ്ധത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ ഫ്രാൻസിസ് പാപ്പാ തന്റെ അനുശോചനം അറിയിച്ചു. ഭീകരതയുടെയും വേദനയുടെയും മണിക്കൂറുകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്ന് പാപ്പാ ഉറപ്പു നൽകി. ഇസ്രയേലിലും പലസ്തീനിലും സമാധാനത്തിനായി എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.