മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ തദ്ദേശീയ ജനവിഭാഗത്തെ (അബോര്‍ജിനല്‍സ്) ഭരണഘടനാപരമായി അംഗീകരിക്കുന്നതിനുള്ള ജനഹിത പരിശോധനയുടെ (റഫറണ്ടം) ഭാഗമായുള്ള വോട്ടിങ് ഒക്‌ടോബര്‍ 14-ന് നടക്കും. ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ആദിമവര്‍ഗ വോയിസ് സമിതി ആവശ്യമാണോ എന്നത് സംബന്ധിച്ചുള്ള റഫറണ്ടമാണ് രാജ്യത്തുടനീളം നടക്കുക. ഓസ്ട്രേലിയന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിയമം അനുസരിച്ച് റഫറണ്ടത്തില്‍ പ്രായപൂര്‍ത്തിയായ പൗരന്മാര്‍ വോട്ട് ചെയ്യാതിരിക്കുന്നത് കുറ്റകരവും പിഴശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
'ഒരു ആദിവാസി, ടോറസ് സ്ട്രെയിറ്റ് ദ്വീപുവാസിയുടെ ശബ്ദം ഉള്‍പ്പെടുന്നതിനായി ഭരണഘടനയില്‍ മാറ്റം വരുത്തുന്നതിനെ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ' എന്ന ചോദ്യമാണ് നല്‍കിയിരിക്കുന്നത്. ഇതിന് 'അതെ' അല്ലെങ്കില്‍ 'ഇല്ല' രേഖപ്പെടുത്താം. നിലവില്‍ ഓസ്ട്രേലിയന്‍ ഭരണഘടന തദ്ദേശീയരായ ആദിമവാസികളായ ഓസട്രേലിയക്കാരെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. അതിനാല്‍ വിദേശ രാജ്യങ്ങളിലുള്ള പൗരന്മാര്‍ ഉള്‍പ്പെടെ വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമാണ്. രാഷ്ട്രീയപരമായി ഏറെ പ്രധാന്യമുള്ളതിനാല്‍ മലയാളികളായ ഓസ്‌ട്രേലിയന്‍ പൗരന്മാരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്.
ഈ പശ്ചാത്തലത്തില്‍ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയും വിശ്വാസികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന ആഹ്വാനവുമായി രംഗത്തുവന്നു. തങ്ങളുടെ കത്തോലിക്കാ വിശ്വാസത്തെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ കൃത്യമായ ബോധ്യത്തോടെയും ജ്ഞാനത്തേടെയും വോട്ട് ചെയ്യണമെന്ന് രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
ഈ മഹത്തായ രാഷ്ട്രത്തിലെ പൗരന്മാര്‍ എന്ന നിലയില്‍, ഇത്തരം രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ ഉള്‍ക്കാഴ്ചയോടെ തങ്ങളുടെ പങ്കാളിത്തം ഉറപ്പാേക്കണ്ടത് നമ്മുടെ കടമയാണ്.
അടഞ്ഞ വാതിലുകള്‍ തുറക്കുന്ന പരിശുദ്ധാത്മാവ് നമുക്ക് ജ്ഞാനവും ശക്തിയും പകരട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടും കൂടുതല്‍ മികച്ചതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഓസ്ട്രേലിയയ്ക്കു വേണ്ടിയുള്ള യാത്ര തുടരാമെന്ന് ആഹ്വാനം ചെയ്തുമാണ് വാര്‍ത്താക്കുറിപ്പ് അവസാനിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.