ഏതു നിമിഷവും കരയുദ്ധം; അതിര്‍ത്തി വളഞ്ഞ് ലക്ഷക്കണക്കിന് ഇസ്രയേല്‍ സൈനികര്‍

ഏതു നിമിഷവും കരയുദ്ധം; അതിര്‍ത്തി വളഞ്ഞ് ലക്ഷക്കണക്കിന് ഇസ്രയേല്‍ സൈനികര്‍

ടെല്‍ അവീവ്: ഹമാസിനെതിരെ കര യുദ്ധത്തിന് തയ്യാറെടുത്ത് ഇസ്രയേല്‍. ലക്ഷക്കണക്കിന് ഇസ്രയേല്‍ സൈനികരാണ് ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കര മാര്‍ഗമുള്ള യുദ്ധത്തിലേക്ക് ഇസ്രയേല്‍ കടക്കുന്നത്. ഏതു നിമിഷവും കരയുദ്ധം ആരംഭിക്കുമെന്നാണ് ഇസ്രയേല്‍ മുന്നറിയിപ്പ്.

അതേസമയം ഗാസയിലെ ഏക പവര്‍ പ്ലാന്റ് അടച്ചതോടെ പലസ്തീനിയന്‍ ജനത ദുരിതത്തിലാണ്. ഇസ്രയേല്‍ നടത്തുന്ന മിസൈല്‍ ആക്രമണങ്ങളില്‍ സാധാരണക്കാരായ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഗാസയിലെ 3,38,000 പേരെ ഒഴിപ്പിച്ചതായി യുഎന്‍ വ്യക്തമാക്കി. പ്രദേശത്തേക്ക് ഭക്ഷണം, വെള്ളം, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കള്‍ എത്തിക്കണമെന്നും യുഎന്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നുള്ള എമര്‍ജന്‍സി ഗവണ്‍മെന്റിന് രൂപം നല്‍കി. യുദ്ധത്തെ ഒറ്റക്കെട്ടായി നേരിടുന്നതിന്റെ ഭാഗമായിട്ടാണ് വാര്‍ കാബിനറ്റ്. ഇതിനിടെ യുഎസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രയേലില്‍ എത്തും. യുദ്ധത്തില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സന്ദര്‍ശനം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബ്ലിങ്കന്‍ കൂടിക്കാഴ്ച്ച നടത്തും.

അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം, ബന്ദികളെ മോചിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. യുഎസില്‍ നിന്നുള്ള പടക്കപ്പലും യുദ്ധവിമാനങ്ങളും ഇസ്രയേലിലേക്ക് എത്തിയിരുന്നു. ഗാസയിലേക്കുള്ള കരയുദ്ധം തുടങ്ങുന്ന സാഹചര്യത്തില്‍ നിരപരാധികള്‍ കൂട്ടത്തോടെ മരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സുരക്ഷിത ഇടനാഴി ഒരുക്കാന്‍ കഴിയുമോ എന്ന ആലോചനയും ബ്ലിങ്കന്‍ നടത്തിയേക്കും.

ഗാസയിലെ കൂട്ടമരണം ഒഴിവാക്കാന്‍ മനുഷ്യ ഇടനാഴി സാധ്യമാകുമോയെന്ന് ആലോചിക്കുന്നതായി അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. ഈജിപ്തുമായും ഇസ്രായേലുമായും ചര്‍ച്ച നടത്തുന്നുവെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.