'വേദനിപ്പിക്കും ഈ പുഞ്ചിരികള്‍'; ഹമാസ് തട്ടിക്കൊണ്ടുപോയ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇസ്രയേല്‍

'വേദനിപ്പിക്കും ഈ പുഞ്ചിരികള്‍'; ഹമാസ് തട്ടിക്കൊണ്ടുപോയ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇസ്രയേല്‍

ടെല്‍ അവീവ്: ഇസ്രയേല്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറിയ ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രതിരോധ സേന. തങ്ങള്‍ക്ക് മനുഷ്യ കവചമാക്കാനും ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന ഹമാസ് തീവ്രവാദികളുടെ മോചനത്തിനുമായാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും അടക്കം തട്ടിക്കൊണ്ടുപോയത്. കുട്ടികളില്‍ കൈക്കുഞ്ഞുങ്ങള്‍ വരെയുണ്ട്. കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും നൂറുകണക്കിന് ഇസ്രയേലികളെയാണ് ഹമാസ് ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്നത്. മോട്ടോര്‍ ബൈക്കുകളിലടക്കമാണ് പലരെയും തട്ടിക്കൊണ്ടു പോയത്.

കഴിഞ്ഞ ദിവസം, ഇസ്രയേല്‍ പ്രതിരോധ സേനായുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടായ എക്സിലൂടെയാണ് ഹമാസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

'ഇന്ന് രാത്രി ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഗാസയില്‍ ചെലവഴിക്കുന്ന നാലാമത്തെ രാത്രിയാണ്. ആ കുഞ്ഞുങ്ങളെ ദ്രോഹിച്ചിട്ടുണ്ടോ, അവര്‍ക്കു മുറിവേറ്റിട്ടുണ്ടോ, അല്ലെങ്കില്‍ അവര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ഞങ്ങള്‍ക്ക് അറിയില്ല. ഇസ്രയേലിനെ പിന്തുണയ്ക്കേണ്ട സമയമാണിത്. ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള സംഘടനയായ ഹമാസില്‍ നിന്ന് ഞങ്ങളുടെ കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും പുരുഷന്മാരെയും സ്ത്രീകളെയും രക്ഷിക്കാന്‍ നിങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുക' - യെല്ല ട്രാവല്‍സ് എന്ന എക്സ് ഹാന്‍ഡിലില്‍ കുട്ടികളുടെ ചിത്രത്തിന് അടികുറിപ്പായി നല്‍കിയിരിക്കുന്നു.

ഗാസയിലെ വിവിധ സ്ഥലങ്ങളിലും തുരങ്കങ്ങളിലും അവരെ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് ഹമാസിന്റെ അവകാശവാദം, മുന്നറിയിപ്പില്ലാതെ ഇസ്രായേല്‍ ബോംബെറിഞ്ഞാല്‍ തട്ടിക്കൊണ്ടു പോയവരെ കൊല്ലുമെന്നും ഭീഷണി ഉയര്‍ത്തുന്നുണ്ട്. മനുഷ്യാവകാശ സംഘടനകള്‍ ഈ തട്ടിക്കൊണ്ടുപോകലുകളെ യുദ്ധക്കുറ്റങ്ങളായാണ് കണക്കാക്കുന്നത്.

ബന്ദികളാക്കിയവരില്‍ കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, പ്രായമായവര്‍, വികലാംഗര്‍ എന്നിവരും ഉള്‍പ്പെടുന്നുവെന്ന് ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ലഫ്. കേണല്‍ ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.