ആര്‍ച്ച് ബിഷപ്പിനെ നേരിട്ട് എത്തി ക്ഷണിച്ച് എംഡി; വിഴിഞ്ഞത്ത് അനുനയ നീക്കവുമായി സര്‍ക്കാര്‍

 ആര്‍ച്ച് ബിഷപ്പിനെ നേരിട്ട് എത്തി ക്ഷണിച്ച് എംഡി; വിഴിഞ്ഞത്ത് അനുനയ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് കപ്പലിന്റെ സ്വീകരണ ചടങ്ങിലേക്ക് ലത്തീന്‍സഭാ പ്രതിനിധികളെ എത്തിക്കാനുള്ള നീക്കം ശക്തമാക്കി സര്‍ക്കാര്‍. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോയെ സിപോര്‍ട്ട് എംഡി അദീല അബ്ദുള്ള നേരിട്ടെത്തി ക്ഷണിച്ചു.

അതേസമയം പരിപാടിയില്‍ പങ്കെടുക്കുന്നതിലെ അസൗകര്യം ആര്‍ച്ച് ബിഷപ്പ് അറിയിച്ചതായാണ് സൂചന. അനുനയ നീക്കത്തിന്റെ ഭാഗമായി വിഴിഞ്ഞം ഇടവക പ്രതിനിധികളുമായി മന്ത്രി സജി ചെറിയാന്‍ ചര്‍ച്ച നടത്തി. വിഴിഞ്ഞത്ത് ജോലി നഷ്ടപ്പെടുന്ന കട്ടമരത്തൊഴിലാളികള്‍ക്കുള്ള നഷ്ട പരിഹാരം കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ഒരാള്‍ക്ക് 4.22 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് ഉത്തരവ്. ജോലി നഷ്ടപ്പെടുന്ന 53 കട്ടമരത്തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. നേരത്തെ ഒരാള്‍ക്ക് 82,440 രൂപയായിരുന്നു വാഗ്ദാനം.

വിഴിഞ്ഞം ഇടവക പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ സജി ചെറിയാന്‍ വാഗ്ദാനങ്ങള്‍ ഉടന്‍ പാലിക്കുമെന്നും അറിയിച്ചു. പറഞ്ഞ മിക്ക കാര്യങ്ങളോട് പോസിറ്റീവായാണ് മന്ത്രി പ്രതികരിച്ചതെന്ന് ഇടവക പ്രതിനിധികള്‍ പറഞ്ഞു. തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍ വന്‍ പരിപാടിയാക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ലത്തീന്‍ അതിരൂപത കടുത്ത എതിര്‍പ്പുമായി രംഗത്ത് എത്തിയത്.

സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നാണ് ആക്ഷേം. മുതലപ്പൊഴിയില്‍ അപകടം തുടര്‍ക്കഥയാകുന്നതും തീരശോഷണ പഠനം തീരാത്തതുമെല്ലാം ഉന്നയിച്ചാണ് വിമര്‍ശനം. നാല് ക്രെയിനുകള്‍ കൊണ്ടുവന്നതിനെ വലിയ സംഭവമാക്കുന്ന സര്‍ക്കാര്‍ കണ്ണില്‍പൊടിയിടുകയാണെന്ന് വികാരി ജനറല്‍ യൂജിന്‍ പെരേര വിമര്‍ശിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.