പാരീസ്: ഫ്രാന്‍സിലെ സ്‌കൂളില്‍ കത്തി കൊണ്ടുള്ള ആക്രമണത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവം ഭീകരാക്രമണമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍. ഇതേതുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. ഫ്രാന്‍സിലുടനീളം 7,000 സൈനികരെ വിന്യസിക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ കൊട്ടാരം അറിയിച്ചു. 20 വയസുകാരനായ ചെചന്‍ വംശജന്‍ മുഹമ്മദാണ് ആക്രമണം നടത്തിയത്.
ബെല്‍ജിയന്‍ അതിര്‍ത്തിക്ക് സമീപം ലില്ലെയില്‍ നിന്ന് 25 മൈല്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അരാസിലെ ഗംബേട്ട കാര്‍നോട്ട് പബ്ലിക്ക് സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ആയുധധാരിയായ യുവാവ് സ്‌കൂളിലെത്തി അധ്യാപകനായ ഡൊമിനിക് ബെര്‍ണാഡിനെ കുത്തിക്കൊലപ്പെടുത്തുകയും മൂന്നു പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തത്. കഴുത്തില്‍ നിരവധി മുറിവുകളേറ്റാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. 42,000 ജനസംഖ്യയുള്ള പ്രദേശത്തെ മിഡില്‍, ഹൈസ്‌കൂള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്‌കൂളിലെ ജീവനക്കാരെ ആക്രമിക്കുന്നതിനിടെ പ്രതി മതമുദ്രാവാക്യം മുഴക്കിക്കുന്നതിന് നിരവധി പേര്‍ ദൃക്‌സാക്ഷികളായതായി പത്രസമ്മേളനത്തില്‍ ഫ്രാന്‍സിലെ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍ ജീന്‍-ഫ്രാങ്കോയിസ് റിക്കാര്‍ഡ് പറഞ്ഞു. അക്രമിയുടെ സഹോദരന്‍ തീവ്രവാദ ബന്ധമുള്ള കുറ്റങ്ങള്‍ക്ക് അഞ്ച് വര്‍ഷവും 18 മാസവും ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുകയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
റഷ്യയില്‍ മുസ്ലീങ്ങള്‍ കൂടുതലുള്ള വടക്കന്‍ കോക്കസസിലെ റിപ്പബ്ലിക്കായ ഇംഗുഷെഷ്യയിലാണ് മുഹമ്മദ് ജനിച്ചതെന്ന് പോലീസ് പറഞ്ഞു. 2008-ല്‍ മാതാപിതാക്കളോടും നാല് സഹോദരങ്ങളോടുമൊപ്പം ഫ്രാന്‍സിലെത്തി. 11 ദിവസം മുമ്പ് മാത്രമാണ് 20 വയസുകാരനെ തീവ്ര ഇസ്ലാമിക വാദത്തിന്റെ പേരില്‍ അപകടകാരിയായി മുദ്രകുത്തിയത്. ഇയാളുടെ ഫോണ്‍ ഉള്‍പ്പെടെ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു.
സാധാരണയായി ഫ്രാന്‍സില്‍ സ്‌കൂളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വിരളമാണ്. 2020-ല്‍ മതനിന്ദ ആരോപിച്ച് ചരിത്രാധ്യാപകന്‍ 47കാരനായ സാമുവല്‍ പാറ്റി കൊല്ലപ്പെട്ടിരുന്നു. സാമുവല്‍ പാറ്റിയുടെ കൊലപാതകത്തിന് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു സ്‌കൂളില്‍ വീണ്ടും തീവ്രവാദ കൊലപാതകമുണ്ടായതെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അധ്യാപകനെ ക്രൂരമായ രീതിയിലാണ് കൊലപ്പെടുത്തിയതെന്നും മാക്രോണ്‍ പറഞ്ഞു.
പോലീസ് വേഗത്തില്‍ സ്‌കൂളിന് ചുറ്റും സുരക്ഷ സ്ഥാപിക്കുകയും കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പൊതു പരിപാടികളും താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്ന അതേ ദിവസമാണ് ആക്രമണം ഉണ്ടായതെങ്കിലും ഇവ രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.