ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസിന്റെ വ്യോമസേനാ മേധാവി അബു മുറാദ് കൊല്ലപ്പെട്ടു; ഗാസയില്‍ ഐഡിഎഫ് റെയ്ഡ്

ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസിന്റെ വ്യോമസേനാ മേധാവി അബു മുറാദ്  കൊല്ലപ്പെട്ടു; ഗാസയില്‍ ഐഡിഎഫ് റെയ്ഡ്

ടെല്‍ അവീവ്: ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ വ്യോമസേനാ മേധാവി കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍. വ്യോമസേന മേധാവി മുറാദ് അബു മുറാദാണ് കൊല്ലപ്പെട്ടത്. എന്നാല്‍ വാര്‍ത്തയോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹമാസ് ഭീകര സംഘം വ്യോമാക്രമണം നടത്തിയിരുന്ന ആസ്ഥാനത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്ന്് പ്രതിരോധ സേനയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച നടന്ന കൂട്ടക്കൊലയ്ക്ക് ഹമാസിന് നേതൃത്വം നല്‍കിയത് അബു മുറാദായിരുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രായേലിലേക്കുള്ള നുഴഞ്ഞു കയറ്റത്തിന് നേതൃത്വം നല്‍കിയ ഹമാസിന്റെ കമാന്‍ഡോ സേനയുടെ സൈറ്റുകള്‍ ഒറ്റരാത്രി കൊണ്ട് വിവിധ ആക്രമണങ്ങളിലൂടെ നശിപ്പിച്ചെന്ന് ഇസ്രയേല്‍ സേന പറഞ്ഞു.

യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്തു. തന്റെ രാജ്യത്തിന്റെ സൈന്യം 'സിംഹങ്ങളെപ്പോലെ പോരാടുകയാണ്' എന്നും ഇത് 'തുടക്കം' മാത്രമാണെന്നും ഗാസ ആക്രമണം അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

'ശത്രുക്കള്‍ ചെയ്ത അതിക്രമങ്ങള്‍ ഞങ്ങള്‍ ഒരിക്കലും മറക്കില്ല, ഒരിക്കലും ക്ഷമിക്കുകയുമില്ല. പതിറ്റാണ്ടുകളായി യഹൂദ ജനതയോട് ഇതുവരെ ചെയ്യാത്ത ഈ ക്രൂരതകള്‍ ആരെയും മറക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. ഈ തിരിച്ചടി ഒരു തുടക്കം മാത്രമാണ്'- നെതന്യാഹു പറഞ്ഞു.

അതിനിടെ ഹമാസിനെതിരായ കര യുദ്ധത്തിന് മുന്നോടിയായി ഇസ്രയേല്‍ പ്രതിരോധ സേന ഗാസയില്‍ പ്രാദേശിക റെയ്ഡുകള്‍ ആരംഭിച്ചു. സൈന്യം തിരച്ചില്‍ നടത്തുകയും ഇസ്രയേല്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആന്റി-ടാങ്ക് ഗൈഡഡ് മിസൈല്‍ സ്‌ക്വാഡുകളെ നേരിടുകയും ചെയ്തു. കൂടാതെ ബന്ദികളാക്കപ്പെട്ടവരെ കുറിച്ചും ഈ പരിശോധനയ്ക്കിടെ സൈന്യം അന്വേഷിച്ചു. 120 ഇസ്രയേല്‍ പൗരന്‍മാര്‍ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.