വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഇന്നെത്തും; 'ഷെന്‍ഹുവ 15' നെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങള്‍

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഇന്നെത്തും; 'ഷെന്‍ഹുവ 15' നെ  സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങള്‍

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ പ്രവര്‍ത്തനം ഇന്ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആദ്യ ചരക്ക് കപ്പല്‍ 'ഷെന്‍ഹുവ 15' ഇന്ന് വൈകുന്നേരത്തോടെ തുറമുഖത്തെത്തും.

തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ മുഖ്യാതിഥിയാകും. സംസ്ഥാന മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, വിവിധ മത സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഷെന്‍ഹുവ കപ്പലില്‍ എത്തിച്ച കൂറ്റന്‍ ക്രെയിനുകള്‍ ഇറക്കുന്ന ജോലികള്‍ നാളെ ആരംഭിക്കും. ഒരു ഷിപ് ടു ഷോര്‍ ക്രെയിനും രണ്ട് യാര്‍ഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. ഓഗസ്റ്റ് 31 ന് പുറപ്പെട്ട് 42 ദിവസം കൊണ്ടാണ് ചൈനീസ് കപ്പല്‍ വിഴിഞ്ഞം തീരത്തെത്തുന്നത്. കപ്പല്‍ രണ്ടു ദിവസം മുമ്പേ എത്തിയതാണെങ്കിലും ഔദ്യോഗിക സ്വീകരണ പരിപാടി ഇന്നത്തേക്ക് നിശ്ചയിക്കുകയായിരുന്നു.

ആദ്യത്തെ മദര്‍ പോര്‍ട്ട് എന്ന സവിശേഷതകൂടിയുണ്ട് വിഴിഞ്ഞത്തിന്. തുറമുഖത്തിന് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ളതിനാല്‍ ലോകത്തെ ഏത് വമ്പന്‍ കപ്പലിനും തീരമണയാനും ചരക്ക് കൈകാര്യം ചെയ്യാനുമാകും. ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തിന് വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.

ഇതോടെ ചരക്ക് കൈമാറ്റത്തിനായി നല്‍കിയിരുന്ന കോടിക്കണക്കിന് ഡോളറിന്റെ വിദേശനാണ്യം രാജ്യത്തിന് ലാഭിക്കാം. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കവും അതിവേഗത്തിലാകും. രാജ്യത്തെ ആദ്യ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് പോര്‍ട്ട്, അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ഏറ്റവുമടുത്തു നില്‍ക്കുന്ന പോര്‍ട്ട് തുടങ്ങി നിരവധി സവിശേഷതകള്‍ വിഴിഞ്ഞം തുറമുഖത്തിനുണ്ട്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതയോട് ചേര്‍ന്നുള്ള വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയാവുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനാവും. ഓപ്പറേഷണല്‍ ശേഷിയില്‍ സിംഗപ്പൂര്‍ തുറമുഖത്തേക്കാള്‍ വലുതാണ് വിഴിഞ്ഞം തുറമുഖം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.