അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; തുടർച്ചയായുണ്ടാകുന്ന ഭൂകമ്പത്തിൽ പരിഭ്രാന്തരായി ജനങ്ങൾ

അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; തുടർച്ചയായുണ്ടാകുന്ന ഭൂകമ്പത്തിൽ പരിഭ്രാന്തരായി ജനങ്ങൾ

കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ തുടർച്ചയായി രണ്ട് തവണ ഭൂചലനം രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ. ഇന്ന് പുലർച്ചെ 3.30ഓടെയാണ് റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഹെറാത്ത് നഗരത്തിൽ നിന്നും 33 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇതിന് പിന്നാലെ 5.5 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനവുമുണ്ടായി. അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ ഈ മാസം തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനത്തിൽ 1000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തു. ഭൂകമ്പത്തിൽ മരിച്ചവരിൽ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് യുനിസെഫ് ബുധനാഴ്ച അറിയിച്ചു. ഒക്ടോബർ ഏഴിന് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും അതിനുശേഷം ഉണ്ടായ എട്ട് ശക്തമായ തുടർചലനങ്ങളും ഹെറാത്ത് ഗ്രാമത്തെ പൂർണ്ണമായും തകർത്തിരുന്നു.

അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം വീടുകളും ചെളി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, തടികൊണ്ടുള്ള പിന്തുണ തൂണുകൾക്ക് നൽകിയിട്ടുണ്ട്. കൂടാതെ ഒരു വീട്ടീൽ നിരവധി കുടുംബങ്ങൾ കഴിയുന്നതിനാൽ ഭൂചലനത്തെ തുടർന്നുള്ള പ്രത്യാഘാതങ്ങളും കൂടുതലാണ്. തുടർച്ചയായുണ്ടാകുന്ന ഭൂകമ്പത്തിൽ ജനങ്ങൾ പരിഭ്രാന്തരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.