അമേരിക്കയുടെ രണ്ടാം പടക്കപ്പലും എത്തുന്നു; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാനും ചൈനയും: കൂടുതല്‍ സംഘര്‍ഷ ഭീതിയില്‍ പശ്ചിമേഷ്യ

അമേരിക്കയുടെ രണ്ടാം പടക്കപ്പലും എത്തുന്നു; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാനും ചൈനയും: കൂടുതല്‍ സംഘര്‍ഷ ഭീതിയില്‍ പശ്ചിമേഷ്യ

ടെല്‍ അവീവ്: അല്‍ അഖ്സ ഫ്‌ളഡ് എന്ന പേരിട്ട് ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നടത്തിയ കടന്നാക്രമണത്തിന് മറുപടിയായി ഇസ്രലേല്‍ തുടരുന്ന സൈനിക നടപടിയും ഹമാസിന്റെ പ്രത്യാക്രമണവും ഒരാഴ്ച പിന്നിടുമ്പോള്‍ സംഘര്‍ഷ ഭീതി പശ്ചിമേഷ്യയിലേക്ക് വ്യാപിക്കുന്നു.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ ആക്രമണങ്ങളെ വിമര്‍ശിച്ച് ചൈനയും രംഗത്തെത്തി. പ്രതിരോധത്തിന്റെ പേരില്‍ ഗാസയിലെ പാലസ്തീനികളെ ഒന്നടങ്കം ശിക്ഷിക്കുന്ന നടപടികളില്‍ നിന്ന് പിന്‍മാറണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.

അതേസമയം ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച അമേരിക്കയുടെ രണ്ടാമത്തെ യുദ്ധക്കപ്പല്‍ മേഖലയിലേക്ക് തിരിച്ചു. യു.എസ് വിമാനവാഹിനി കപ്പല്‍ യുഎസ്എസ് ഡൈ്വറ്റ് ഡി ഐസന്‍ഹോവര്‍ ആണ് ഇസ്രയേല്‍ തീരത്തേക്ക് ആയുധങ്ങളുമായി നീങ്ങുന്നത്. നേരത്തെ അമേരിക്കയുടെ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് കാരിയറും ഇസ്രായേലിന് സഹായവുമായി എത്തിയിരുന്നു.

എന്നാല്‍ ഗാസയില്‍ ആക്രമണം കടുപ്പിക്കുമെന്ന സൂചനയാണ് ഇസ്രയേല്‍ നല്‍കുന്നത്. വടക്കന്‍ ഗാസയിലെ പാലസ്തീനികള്‍ തെക്കോട്ട് പലായനം ചെയ്യണമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് വീണ്ടും ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷയ്ക്കായി സിവിലിയന്മാരോട് ഒഴിഞ്ഞു മാറാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു എന്നാണ് പുതുക്കിയ മുന്നറിയിപ്പില്‍ ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിട്ടുള്ളത്.

അതിനിടെ ശനിയാഴ്ച തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്ത ജനങ്ങളുടെ വാഹന വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തെ സൈന്യം അപലപിച്ചു. ഈ സംഭവത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന ആരോപണം തള്ളിയ സൈനിക വക്താവ് അതൊരു അപകടമായിരിക്കാം എന്നും പ്രതികരിച്ചു.

ഒടുവില്‍ പുറത്തു വരുന്ന കണക്കു പ്രകാരം ആക്രമണങ്ങളില്‍ ഇരുപക്ഷത്തു നിന്നുമായി ഇതുവരെ 4000 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാകുന്നത്. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കത്തില്‍ ഗാസയില്‍ ഇതുവരെ 2800 ല്‍ അധികം പാലസ്തീനികള്‍ കൊല്ലപ്പെട്ടു. 8000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ മരിച്ചവരുടെ എണ്ണം 1400 പിന്നിട്ടു. 3400 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.