പാരിസ്: ഫ്രാന്‍സില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നുള്‍പ്പെടെ ആളുകളെ ഒഴിപ്പിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ 7000 സൈനികരെ വിന്യസിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉത്തരവിട്ടു.
വേഴ്‌സായ് കൊട്ടാരം, ലൂവ്ര് മ്യൂസിയം എന്നിവിടങ്ങളില്‍ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു. സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ലുവ്ര് മ്യൂസിയത്തില്‍ പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞു. അതിനാല്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചു നല്‍കും. രാജ്യത്തെ പ്രധാന നഗരങ്ങളിലും കേന്ദ്രങ്ങളിലും സുരക്ഷാസേന പ്രത്യേക പട്രോളിങ് നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
'എഴുതിത്തയാറാക്കിയ ഒരു സന്ദേശം മ്യൂസിയത്തില്‍ ലഭിച്ചു. മ്യൂസിയത്തിനും സന്ദര്‍ശകര്‍ക്കും അതില്‍ ഭീഷണിയുണ്ടായിരുന്നു. അതിനാലാണ് ഒരു ദിവസത്തേക്ക് അടച്ചിട്ടത്. ആവശ്യമായ പരിശോധനകളെല്ലാം നടത്തും' - ലൂവ്ര് മ്യൂസിയം വക്താവ് അറിയിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിലും കേന്ദ്രങ്ങളിലും സുരക്ഷാസേന പ്രത്യേക പട്രോളിങ് നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
വീണ്ടും തലപൊക്കുന്നോ ഭീകരവാദം?
ഒരിടവേളയ്ക്ക് ശേഷം ഫ്രാന്‍സില്‍ വീണ്ടും ഭീകരവാദം തലപൊക്കി തുടങ്ങിയോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ സ്‌കൂളില്‍ യുവാവിന്റെ കത്തിയാക്രമണത്തില്‍ അധ്യാപകന്‍ കൊല്ലപ്പെട്ടിരുന്നു. അരാസ് നഗരത്തിലെ ഗംബേട്ട ഹൈസ്‌കൂളിലായിരുന്നു ആക്രമണം. ഇരുപത് വയസ് പ്രായം വരുന്ന മുഹമ്മദ് എന്ന വ്യക്തിയാണ് അറസ്റ്റിലായത്. അക്രമിയുടെ പിതാവിനെ തീവ്രവാദ ആശയങ്ങളുടെ പേരില്‍ 2018-ല്‍ ഫ്രാന്‍സില്‍ നിന്ന് പുറത്താക്കിയതായി ആഭ്യന്തര മന്ത്രി പറഞ്ഞു. ഫ്രാന്‍സിലെ സ്‌കൂളുകളില്‍ സുരക്ഷ ശക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഇസ്രായേല്‍-ഹമാസ് യുദ്ധവുമായി ആക്രമണത്തിന് ബന്ധമുണ്ടെന്നാണ് ഔദ്യോഗികമായി സര്‍ക്കാര്‍ അറിയിക്കുന്നത്. ഇതുസംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചത് 'ക്രൂരമായ ഇസ്ലാമിക ഭീകരത' എന്നാണ്. ഐക്യത്തോടെ തുടരണമെന്നും ഭീകരതയ്ക്ക് വഴങ്ങരുതെന്നും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒന്നിനും ഇടംനല്‍കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഫ്രാന്‍സ് ഇപ്പോള്‍ അതീവ ജാഗ്രതയിലാണെന്നും ഹമാസ് ഭീകരവാദികളുടെ ഇസ്രായേല്‍ ആക്രമണത്തിന് ശേഷമുള്ള സംഭവങ്ങളുമായി അരാസ് ആക്രമണത്തിന് ബന്ധമുണ്ടെന്നുമാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്.
ഇസ്രായേലിനും യുഎസിനും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ജൂത ജനസംഖ്യയും പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയും ഫ്രാന്‍സിലാണെന്ന് കണക്കാക്കപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.