അപാര്‍: വിദ്യാര്‍ത്ഥികള്‍ക്ക് 'ഒരു രാജ്യം ഒറ്റ ഐഡി കാര്‍ഡ്' നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

അപാര്‍: വിദ്യാര്‍ത്ഥികള്‍ക്ക് 'ഒരു രാജ്യം ഒറ്റ ഐഡി കാര്‍ഡ്' നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമാകും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി (എന്‍ഇപി 2020) 'ഒരു രാജ്യം, ഒരു വിദ്യാര്‍ത്ഥി ഐഡി' എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്ട്രി (അപാര്‍) എന്നാണ് പദ്ധതിയുടെ പേര്.

പ്രി-പ്രൈമറി ക്ലാസ് മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക. എഡുലോക്കര്‍ എന്ന രീതിയില്‍ കണക്കാക്കുന്ന അപാര്‍ ഐഡി വിദ്യാര്‍ത്ഥികള്‍ക്ക് ജീവിത കാലം മുഴുവനുമുള്ള തിരിച്ചറിയല്‍ കാര്‍ഡായിരിക്കും. ഇതിലൂടെ കുട്ടിയുടെ അക്കാദമിക് വിവരങ്ങളും നേട്ടങ്ങളും അറിയാനാവും.

അപാര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ നിര്‍മാണത്തിനായി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്ന് സമ്മതം വാങ്ങാന്‍ എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍. രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികളുടെയും ക്യു ആര്‍ കോഡായിരിക്കും അപാര്‍ കാര്‍ഡ്. അവരുടെ എല്ലാ കഴിവുകളെയും നേട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ ലഭിക്കുമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ( എഐസിടിഇ) ടി.ജി സീതാരാമന്‍ പറഞ്ഞു.

അപാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ മാതാപിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് യോഗം നടത്താന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 16 നും 18 നും ഇടയില്‍ യോഗം നടത്താനാണ് നിര്‍ദേശം.

ഇതുമായി ബന്ധപ്പെട്ട് കുട്ടികളുടെ രക്ത ഗ്രൂപ്പിന്റെ വിവരങ്ങള്‍, ഉയരം, ഭാരം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ വെബ്സൈറ്റില്‍ നല്‍കാനും അധ്യാപകരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പോര്‍ട്ടലില്‍ കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ നല്‍കാന്‍ തന്നെ പാടുപെടുകയാണെന്നാണ് സ്‌കൂള്‍ മേധാവികള്‍ പറയുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.