ജോസ്‌വിൻ കാട്ടൂർ
വത്തിക്കാൻ സിറ്റി: 'എക്സ്പാൻഡെഡ് റീസൺ' എന്ന പേരിലുള്ള 2023-ലെ അവാർഡ് ദാന ചടങ്ങ് ഒക്ടോബർ 17-ന് വത്തിക്കാനിൽ നടക്കും. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരും മനുഷ്യരാശിയുടെ സത്യാന്വേഷണ പരിശ്രമങ്ങൾക്ക് മികച്ച സംഭാവനകൾ നൽകിയവരുമായ ഏഴ് വിദഗ്ധർക്കാണ് ഈ വർഷം അവാർഡ് ലഭിക്കുന്നത്. ജോസഫ് റാറ്റ്സിംഗർ-ബെനഡിക്റ്റ് പതിനാറാമൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 6-ാമത് അവാർഡ് ദാന ചടങ്ങാണ് ഈ വർഷത്തേത്.
വ്യത്യസ്ത വിജ്ഞാനമേഖലകളിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി പ്രൊഫസർമാർക്കും ഗവേഷണ വിദഗ്ധർക്കുമാണ് അവാർഡുകൾ ലഭിക്കുക. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിർദ്ദേശപ്രകാരമാണ്, ഇപ്രകാരം ഒരു അവാർഡ് ഏർപ്പെടുത്തിയത്. മാദ്രിദിലെ ഫ്രാൻസിസ്കോ ഡി വിറ്റോറിയ യൂണിവേഴ്സിറ്റിയുടെയും ജോസഫ് റാറ്റ്സിംഗർ-ബെനഡിക്റ്റ് പതിനാറാമൻ വത്തിക്കാൻ ഫൗണ്ടേഷന്റെയും സംയുക്ത സംരംഭത്തിന്റെ ഫലമായാണ് ഈ അവാർഡ് ദാനം സംഘടിപ്പിച്ചിരിക്കുന്നത്.
വിശാലവും തുറവിയുള്ളതുമായ സത്യാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുക എന്ന ബെനഡിക്ട് പാപ്പയുടെ ആഗ്രഹത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ അവാർഡും ആദരിക്കലും ഏർപ്പെടുത്തിയിരിക്കുന്നത്. സത്യത്തെയും മനുഷ്യരാശിയുടെ അന്തിമ ലക്ഷ്യത്തെയും മുൻനിർത്തിയുള്ള അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളിലും അധ്യാപനത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് പിന്തുണ നൽകുകയെന്നതായിരുന്നു കാലം ചെയ്ത ബെനഡിക്ട് പാപ്പയുടെ ആഗ്രഹം.
അന്താരാഷ്ട്ര അവാർഡ് ജൂറി
ഈ വർഷം ഏഴ് അക്കാദമിക് വിദഗ്ധരെയാണ് ആദരിക്കുന്നത്. റാറ്റ്സിംഗർ ഫൗണ്ടേഷന്റെ പ്രസിഡന്റ് ഫാ. ഫെഡറിക്കോ ലോംബാർഡി, ഫ്രാൻസിസ്കോ ഡി വിറ്റോറിയ യൂണിവേഴ്സിറ്റിയുടെ റെക്ടർ പ്രൊഫസർ ദാനിയൽ സാദ, പ്രൊഫസർമാരായ സ്റ്റെഫാനോ സാമാഗ്നി, മാർത്ത ബെർത്തോലാസോ, റാഫേൽ വികുന, ജാവിയർ എംപ്രെദ്സ് എന്നിവരാണ് വിവിധ സർവ്വകലാശാലകളിൽനിന്ന് സമർപ്പിച്ച പ്രബന്ധങ്ങൾ അവലോകനം ചെയ്ത് ഈ വർഷത്തെ അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. വിശ്വാസ കാര്യങ്ങൾക്കു വേണ്ടിയുള്ള ഡികാസ്റ്ററിയുടെ മുൻ അദ്ധ്യക്ഷൻ എമിരിറ്റസ് കർദ്ദിനാൾ ലൂയിസ് ഫ്രാൻസിസ്കോ ലഡാരിയ ഫെറർ അവാർഡ് ദാന ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഗവേഷണത്തിനുള്ള അവാർഡുകൾ
ദർഹാം സർവകലാശാലയിലെ പ്രൊഫസർ അന്ന റൗലൻഡ്സ് ഐടിഐ കാത്തലിക് യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്ര പ്രൊഫസറും ഓക്സ്ഫോർഡിലെ ഗവേഷകനുമായ സൈമൺ മരിയ കോഫ്.
അധ്യാപനത്തിലെ മികവിനുള്ള അവാർഡുകൾ
ഫ്രാൻസിസ്കോ ഡി വിറ്റോറിയ സർവകലാശാലയിൽ നിന്നുള്ള പ്രൊഫസർമാരായ ജുവാൻ സെറാനോ, കരോള ഡയസ് ഡി ലോപ്-ഡയസ്
ഹോളി ക്രോസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലെ ഡിജിറ്റൽ എഡ്യൂക്കേഷണൽ പ്ലാറ്റ്ഫോമിന്റെ ഡയറക്ടർ പ്രൊഫസർ ജ്യൂസെപ്പെ ടാൻസെല്ല-നിറ്റി,
കോർഡിനേറ്റർ പ്രൊഫസർ സ്റ്റെഫാനോ ഒലിവ
ഇവർക്കു പുറമേ, യൂണിയൻ പ്രസ്ബിറ്റീരിയൻ സെമിനാരിയിലെ ദൈവശാസ്ത്ര പ്രൊഫസർ എലിസബത്ത് ന്യൂമാന് 'ദൈവികമായ സമൃദ്ധി' എന്ന വിഷയത്തിലുള്ള പഠനത്തിന് പ്രത്യേക ജൂറി പരാമർശവും പുരസ്കാരവും ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26