ഓസ്‌ട്രേലിയയിലെ തദ്ദേശീയ ജനവിഭാഗത്തിന് ഭരണഘടനാ പദവി നല്‍കാനുള്ള റഫറണ്ടം പരാജയം; ചെലവഴിച്ചത് 75 മില്യണ്‍ ഡോളര്‍

ഓസ്‌ട്രേലിയയിലെ തദ്ദേശീയ ജനവിഭാഗത്തിന് ഭരണഘടനാ പദവി നല്‍കാനുള്ള റഫറണ്ടം പരാജയം; ചെലവഴിച്ചത് 75 മില്യണ്‍ ഡോളര്‍

സിഡ്‌നി: ഓസ്‌ട്രേലിയയിലെ തദ്ദേശീയ ജനവിഭാഗത്തെ ഭരണഘടനാപരമായി അംഗീകരിക്കാനുള്ള ഭേദഗതിക്കായി കൊണ്ടുവന്ന പ്രത്യേക റഫറണ്ടം (ജനഹിത പരിശോധന) പരാജയപ്പെട്ടു. രാജ്യത്തെ ആദിമ ജനവിഭാഗങ്ങളെ (അബോര്‍ജിനല്‍സ്) ഭരണഘടനാപരമായി പരിഗണിക്കുന്നതിനുള്ള നിര്‍ദേശമാണ് ഭൂരിപക്ഷം പേരും തള്ളിയത്. 122 വര്‍ഷം പഴക്കമുള്ള ഭരണഘടന ഭേദഗതി ചെയ്യുന്നതിനെ എല്ലാ സംസ്ഥാനങ്ങളും എതിര്‍ത്തു.

ദേശീയ തലത്തില്‍ 39.4 ശതമാനം പേര്‍ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 60.6 ശതമാനം പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. നോര്‍ത്തേണ്‍ ടെറിട്ടറിയും എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ ഓസ്ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ മാത്രമാണ് 'യെസ്' രേഖപ്പെടുത്തിയത്.

റഫറണ്ടം വിജയിക്കണമെങ്കില്‍ ദേശീയാടിസ്ഥാനത്തിലെ ഭൂരിപക്ഷത്തിനൊപ്പം ആറ് സംസ്ഥാനങ്ങളില്‍ നാലെണ്ണമെങ്കിലും അനുകൂലിച്ച് വോട്ടുചെയ്യണമായിരുന്നു.

സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന റഫറണ്ടമാണ് ദയനീയമായി പരാജയപ്പെട്ടത്. 75 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ് ഇതിനായി സര്‍ക്കാര്‍ ചെലവിട്ടത്. ഈ തുക തദ്ദേശീയ ജനവിഭാഗത്തിന്റെ ഉന്നമത്തിനായി ചെലവഴിക്കാമായിരുന്നുവെന്ന ആക്ഷേപവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

വോയ്‌സ് ടു പാര്‍ലമെന്റ് എന്ന പേരില്‍ തദ്ദേശീയ ഉപദേശക സമിതി രൂപവത്കരിച്ച് ആദിവാസികളെയും ടോറസ് സ്‌ട്രെയിറ്റ് ദ്വീപിലെ ജനങ്ങളെയും അംഗീകരിക്കുന്നതിനുള്ള നിര്‍ദേശമാണ് റഫറണ്ടത്തിലൂടെ മുന്നോട്ടുവെച്ചത്. റഫറണ്ടം പരാജയപ്പെട്ടത് അങ്ങേയറ്റം വേദനജനകമാണെന്ന് തദ്ദേശീയ ജനവിഭാഗങ്ങളുടെ നേതാവായ തോമസ് മയോ പറഞ്ഞു. തങ്ങള്‍ക്കും പാര്‍ലമെന്റില്‍ ശബ്ദവും ഘടനാപരമായ മാറ്റവും വേണമെന്ന് അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയിലെ 2.6 കോടി ജനങ്ങളില്‍ 3.8 ശതമാനമാണ് ആദിമ നിവാസികള്‍. 60,000 വര്‍ഷംമുമ്പ് ഇവിടെ എത്തിയതെന്ന് കരുതുന്ന ആദിമ സമൂഹത്തെക്കുറിച്ച് ഭരണഘടനയില്‍ പരാമര്‍ശമൊന്നുമില്ല. സാമൂഹികമായും സാമ്പത്തികമായും രാജ്യത്തെ ഏറ്റവും പിന്നാക്ക ജനവിഭാഗവുമാണ് ഇവര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.