10 ലക്ഷം പേര്‍ പലായനം ചെയ്തു: കൂടുതല്‍ ഇസ്രയേല്‍ സേന അതിര്‍ത്തിക്കടുത്ത്; ഗാസ പിടിക്കാനുള്ള നീക്കം അബദ്ധമാകുമെന്ന് ബൈഡന്‍, ഭീഷണി ആവര്‍ത്തിച്ച് ഇറാന്‍

10 ലക്ഷം പേര്‍ പലായനം ചെയ്തു: കൂടുതല്‍ ഇസ്രയേല്‍ സേന അതിര്‍ത്തിക്കടുത്ത്; ഗാസ പിടിക്കാനുള്ള നീക്കം അബദ്ധമാകുമെന്ന് ബൈഡന്‍, ഭീഷണി ആവര്‍ത്തിച്ച് ഇറാന്‍

ടെല്‍ അവീവ്: ഇസ്രയേല്‍ നല്‍കിയ അന്ത്യശാസനം അവസാനിച്ചതോടെ ഏതാണ്ട് 10 ലക്ഷം പേര്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തു. യു.എന്‍ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയതിനു പിന്നാലെ കൂടുതല്‍ ഇസ്രയേല്‍ സൈന്യം ഗാസ അതിര്‍ക്കടുത്ത് തമ്പടിച്ചു. ആയിരക്കണക്കിന് കവചിത വാഹനങ്ങള്‍ ഗാസ അതിര്‍ത്തിയില്‍ നിരന്നു കഴിഞ്ഞു.

രാഷ്ട്രീയ ഉത്തരവ് ഉണ്ടായാല്‍ ഉടന്‍ ഗാസയില്‍ ഇസ്രയേല്‍ സൈന്യം കരയുദ്ധം ആരംഭിക്കും. ഗാസയില്‍ ഇപ്പോഴും തുടരുന്ന സാധാരണക്കാരും ഹമാസ് സംഘം ബങ്കറുകളില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന തങ്ങളുടെ പൗരന്മാരുടെ സാന്നിധ്യവുമാണ് ഇസ്രയേല്‍ സൈന്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

കര, വ്യോമ, നാവിക സംയുക്ത സേനക്കൊപ്പം 4,00,000 റിസര്‍വ് സൈനികരെയും ഇസ്രയേല്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. അമേരിക്ക അടക്കമുള്ള പല ലോകരാഷ്ട്രങ്ങളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ കരയുദ്ധം വൈകിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബന്ദികളെ നിരുപാധികം വിട്ടയയ്ക്കണമെന്ന് ഹമാസിനോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഗാസ പിടിച്ചടക്കാനുള്ള ഇസ്രയേലിന്റെ നീക്കം വലിയ അബദ്ധമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു. എല്ലാ പാലസ്തീനികളും ഹമാസിനെപ്പോലുള്ള തീവ്രവാദ ശക്തികളെ അംഗീകരിക്കുന്നവരല്ല.

ഹമാസിനെയും ഹിസ്ബുള്ളയെയും പോലുള്ള ഭീകര സംഘങ്ങളെ ഇല്ലാതാക്കേണ്ടതും അത്യാവശ്യമാണ്. യുദ്ധത്തിന്റെ നിയമം അനുസരിച്ച് തന്നെയാകും ഇസ്രയേല്‍ മുന്നോട്ടു പോകുക എന്നാണ് ഉറച്ച വിശ്വാസമെന്നും ബൈഡന്‍ വ്യക്തമാക്കി.

യുദ്ധത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടാതിരിക്കാന്‍ ഇസ്രയേല്‍ കടുത്ത ജാഗ്രത കാണിക്കണമെന്നും ബൈഡന്‍ നിര്‍ദേശിച്ചു. ഹമാസ് ഒരു കൂട്ടം ഭീരുക്കളാണ്. ജനങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നുകൊണ്ടാണ് അവര്‍ യുദ്ധം ചെയ്യുന്നത്. എന്നാല്‍ പാലസ്തീന്‍ അതോറിറ്റി നിലനില്‍ക്കണമെന്നും ജോ ബൈഡന്‍ പറഞ്ഞു.

അതിനിടെ കരയുദ്ധം ആരംഭിച്ചാല്‍ ഇസ്രയേല്‍ നേരിടാന്‍ പോകുന്ന ഭവിഷത്ത് വലുതായിരിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് ഇറാന്‍ വീണ്ടും രംഗത്ത് വന്നു. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിച്ചില്ലെങ്കില്‍ യുദ്ധം മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പറഞ്ഞു.

അതിനിടെ കിബ്ബത്ത്സ് നിരിം കൂട്ടക്കൊലയുടെ ഉത്തരവാദിയായ ഹമാസ് കമാന്‍ഡര്‍ ബിലാല്‍ അല്‍ കേദ്ര ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള ഖാന്‍ യൂനിസില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രേയല്‍ സ്ഥിരീകരിച്ചു. ഹമാസിന്റെ വ്യോമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുറാദ് അബു മുറാദ് ശനിയാഴ്ച ഗാസ സിറ്റിയില്‍ ഇസ്രായേല്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.