ടെല്‍ അവീവ്: യുദ്ധ മുനമ്പായ ഗാസയില്‍ നിന്ന് പാലസ്തീന്‍ പൗരന്‍മാര്‍ക്ക് ഈജിപ്റ്റിലേക്ക് കടക്കുന്നതിനായി വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്ന വാര്‍ത്ത തള്ളി ഇസ്രയേലും ഹമാസും. റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഹമാസും വ്യക്തമാക്കി.
ഹമാസ് ഭീകരര്‍ ഇതുവരെ 199 പേരെ ബന്ദികളാക്കിയെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. 155 പേരെയാണ് ഹമാസ് ബന്ദികളാക്കിയതെന്ന് ഞായറാഴ്ച സൈന്യം പറഞ്ഞിരുന്നു. പിന്നാലെയാണ് എണ്ണത്തില്‍ മാറ്റമുണ്ടായതായി സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കിയത്. ബന്ദികളാക്കിയവരുടെ കുടുംബങ്ങളുമായി അധികാരികള്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇസ്രയേല്‍ പുറത്തു വിട്ടു. ഹമാസിന്റെ ഭീകരത ബഹിരാകാശത്ത് നിന്നുപോലും ദൃശ്യമാണെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) പറഞ്ഞു. ആക്രമണത്തിന് മുന്‍പും പിന്നീടുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഐഡിഎഫിന്റെ പ്രതികരണം.
ആക്രമണത്തിന് ശേഷം എടുത്ത ഉപഗ്രഹ ചിത്രങ്ങളില്‍ ഗാസയോട് ചേര്‍ന്നു കിടക്കുന്ന ഇസ്രയേലില്‍ മുഴുവന്‍ കറുത്ത പുക ഉയരുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഹാമസ് ആക്രമണ സമയത്ത് നിരവധി ബോംബുകളും റോക്കറ്റുകളും പ്രയോഗിച്ചിരുന്നു.
ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ആക്രമണം അഴിച്ചു വിട്ടത്. യുദ്ധക്കുറ്റങ്ങള്‍ ചെയ്യാന്‍ ഹമാസ് എത്രത്തോളം തയ്യാറാണ് എന്നത് ബഹിരാകാശത്ത് നിന്ന് പോലും ദൃശ്യമാണെന്ന് എക്സിലെ പോസ്റ്റില്‍ ഐഡിഎഫ് പറയുന്നു.
ഇസ്രയേലികളെ കൊല്ലാന്‍ ഹമാസ് ഉപയോഗിച്ച ചില ആയുധങ്ങള്‍ കണ്ടുകെട്ടിയതായും ഇസ്രയേല്‍ പ്രതിരോധ സേന മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കി. ഗാസയിലെ ഹമാസിന്റെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളും ആയുധ നിര്‍മ്മാതാക്കളും നീക്കം ചെയ്യുമെന്ന് ഐഡിഎഫ് പറഞ്ഞു.
അതേസമയം ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആയിരത്തിലധികം പലസ്തീനികള്‍ കുടുങ്ങിക്കിടക്കുന്നതായി ഹമാസ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ ലെബനന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ബെയ്റൂട്ടിലേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ആയിരത്തോളം പേരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ ശസ്ത്രക്രിയ മരുന്നുകള്‍ ഉള്‍പ്പെടെ ബെയ്റൂട്ടിലെത്തിയതായും യു.എന്നിന്റെ പ്രസ്താവനയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.