നാളെ നിര്‍ണായകം: ജോ ബൈഡന്‍ ഇസ്രയേലിലേക്ക്, നെതന്യാഹുവുമായി കൂടിക്കാഴ്ച; ഇസ്ലാമിക രാജ്യങ്ങളുടെ അടിയന്തര യോഗം ജിദ്ദയില്‍

നാളെ നിര്‍ണായകം: ജോ ബൈഡന്‍ ഇസ്രയേലിലേക്ക്, നെതന്യാഹുവുമായി കൂടിക്കാഴ്ച; ഇസ്ലാമിക രാജ്യങ്ങളുടെ  അടിയന്തര യോഗം ജിദ്ദയില്‍

ടെല്‍ അവീവ്: ഹമാസ് ഭീകരരെ ഉന്‍മൂലനം ചെയ്യാന്‍ ഗാസയില്‍ കരയുദ്ധമെന്ന തീരുമാനത്തില്‍ ഇസ്രയേല്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നാളെ ഇസ്രയേലിലെത്തും.

ടെല്‍ അവീവില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തും. പടക്കപ്പലും യുദ്ധോപകരണങ്ങളും നല്‍കി ഇസ്രയേലിന് ഒപ്പം നില്‍ക്കുമ്പോഴും കരയുദ്ധം ഒഴിവാക്കി പ്രശ്‌ന പരിഹാര സാധ്യത തേടിയാണ് ബൈഡന്റെ സന്ദര്‍ശനം.

അതിനിടെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി, ഇറാഖ് പ്രസിഡന്റ് മുഹമ്മദ് ഷിയ അല്‍-സുഡാനി, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവരുമായി ബൈഡന്‍ ഫോണില്‍ ചര്‍ച്ച നടത്തി.

യു.എന്‍, ജോര്‍ദാന്‍, പാലസ്തീന്‍ അതോറിറ്റി, ഇസ്രായേല്‍, മറ്റ് പ്രാദേശിക പങ്കാളികള്‍ എന്നിവയുമായി ഏകോപിപ്പിച്ച് ഗാസയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധി ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍, മധ്യമേഖലയിലെ സ്ഥിരത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തതായി 'ദി ടൈംസ് ഓഫ് ഇസ്രയേല്‍' റിപ്പോര്‍ട്ട് ചെയ്തു.


അതേസമയം പശ്ചിമേഷ്യയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യുന്നതിനായി ഇസ്ലാമിക രാജ്യങ്ങളുടെ അടിയന്ത യോഗം നാളെ ജിദ്ദയില്‍ ചേരുന്നുണ്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക കോര്‍പറേഷനില്‍ (ഒഐസി) അംഗങ്ങളായ 57 രാജ്യങ്ങളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

യുദ്ധം ലെബനനിലേക്കും ഇറാനിലേക്കും പടര്‍ന്നേക്കുമെന്ന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യോഗം നിര്‍ണായകമാണ്. ഗാസയിലേക്ക് അടിയന്തിര സഹായമെത്തിക്കല്‍, സാധാരണക്കാരുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും.

അതിനിടെ ജറുസലേമിലും ടെല്‍ അവീവിലും വീണ്ടും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുള്ള താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി പൗരന്‍മാരില്‍ ഒരാളുടെ ദൃശ്യം ഇന്നലെ പുറത്തു വിട്ടു. 199 പേര്‍ ഹമാസിന്റെ ബന്ദികളായി ഉണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.