മമ്മൂട്ടിക്ക് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് സമിതിയുടെ ആദരം; സ്റ്റാമ്പ് പുറത്തിറക്കി

മമ്മൂട്ടിക്ക് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് സമിതിയുടെ ആദരം; സ്റ്റാമ്പ് പുറത്തിറക്കി

കാന്‍ബറ: മലയാളത്തിന്റെ മെഗാ സ്റ്റാറിന് ഓസ്ട്രേലിയന്‍ പാര്‍ലമന്റ് സമിതിയുടെ ആദരവ്. ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റിലെ 'പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ' ആയിരുന്നു സംഘാടകര്‍.

ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പുറത്തിറക്കിയ മമ്മൂട്ടിയുടെ മുഖമുള്ള 10,000 പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകളുടെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു. ആദ്യ സ്റ്റാമ്പ് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ മന്‍പ്രീത് വോറക്ക് കൈമാറി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഡോ. ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി പ്രകാശനം നിര്‍വഹിച്ചു.

ചടങ്ങിന് ആശംസകളറിയിച്ച് പ്രധാനമന്ത്രിയുടെ സന്ദേശം ആന്‍ഡ്രൂ ചാള്‍ട്ടന്‍ വായിച്ചു. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കാന്‍ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ എം.പിമാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതിയാണ് ''പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ''.

ഇന്ത്യന്‍ സാംസ്‌കാരികതയുടെ മുഖമായി തങ്ങള്‍ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആന്‍ഡ്രൂ ചാള്‍ട്ടന്‍ എംപി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെ ആണ് തങ്ങള്‍ ആദരിക്കുന്നതെന്ന് ആന്‍ഡ്രൂ ചാള്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങള്‍ ഓരോ ഇന്ത്യന്‍ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ മന്‍പ്രീത് വോറ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാകള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 'ഫാമിലി കണക്റ്റ്' പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റര്‍ മുറേയ് വാട്ട് പറഞ്ഞു.

ഓസ്ട്രേലിയയിലെ നിരവധി എംപിമാര്‍, സെനറ്റ് അംഗങ്ങള്‍, ഹൈക്കമ്മിഷണര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍, ഓസ്ട്രേലിയയിലെ വിവിധ ഇന്ത്യന്‍ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങി നൂറ്റിയന്‍പതോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.