ഗാസയിലെ ആശുപത്രിയില്‍ വ്യോമാക്രമണം, 500 മരണം; ഹമാസ് തൊടുത്ത മിസൈല്‍ ലക്ഷ്യം തെറ്റി പതിച്ചതെന്ന് ഇസ്രയേല്‍

ഗാസയിലെ ആശുപത്രിയില്‍ വ്യോമാക്രമണം, 500 മരണം; ഹമാസ് തൊടുത്ത മിസൈല്‍ ലക്ഷ്യം തെറ്റി പതിച്ചതെന്ന് ഇസ്രയേല്‍

'ലോകം മുഴുവന്‍ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ അവരുടെ മക്കളെയും കൊല്ലുകയാണ്'- ബെഞ്ചമിന്‍ നെതന്യാഹു.

ടെല്‍ അവീവ്: ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 500 പേര്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യ ഗാസയിലെ അല്‍ അഹ് ലി അറബ് ആശുപത്രിക്ക് നേരെയാണ് രാത്രി ആക്രമണം നടന്നത്.

ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് പാലസ്തീന്‍ ആരോപിച്ചു. എന്നാല്‍ ഇത് നിഷേധിച്ച ഇസ്രയേല്‍, ആക്രമണത്തിന് പിന്നില്‍ ഹമാസ് ആണെന്ന് ആരോപിച്ചു. ആശുപത്രി പൂര്‍ണമായി തകര്‍ന്നു.

ഹമാസ് തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിക്കുകയായിരുന്നു എന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിഷേധ കുറിപ്പുമിറക്കി.

'ലോകം മുഴുവന്‍ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ അവരുടെ മക്കളെയും കൊല്ലുകയാണ്'- നെതന്യാഹു പറഞ്ഞു.

ഇസ്ലാമിക് ജിഹാദികള്‍ ഇസ്രയേലിനെതിരെ തൊടുത്ത മിസൈല്‍ വഴിതെറ്റി ആശുപത്രിയില്‍ പതിച്ചതാകാമെന്ന് ഇസ്രായേല്‍ സൈനിക വക്താവും അറിയിച്ചു. അല്‍ അഹ്ലി ആശുപത്രി ആക്രമിക്കപ്പെട്ട സമയത്ത് ഗാസയില്‍ നിന്ന് തന്നെ നിരവധി റോക്കറ്റുകള്‍ ബോംബാക്രമണം തുടങ്ങിയിരുന്നു. അങ്ങിനെയാകാം ആശുപത്രിയു ആക്രമിക്കപ്പെട്ടത്.


ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ (ഐഡിഎഫ്) പ്രവര്‍ത്തന സംവിധാനങ്ങള്‍ വിശകലനം ചെയ്തപ്പോള്‍, ഗാസയില്‍ നിന്ന് മിസൈല്‍ ആക്രമണം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ആശുപത്രിയിലും ആക്രമണമുണ്ടായത്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച ഇന്റലിജന്‍സ് വിവരം അനുസരിച്ച് ആശുപത്രിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയ്ക്കാണെന്നും ഇസ്രയേല്‍ സൈനിക വക്താവ് എക്‌സില്‍ കുറിച്ചു.

എന്നാല്‍ ഈ മേഖലയില്‍ ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തുകയായിരുന്നെന്നും ഇതിന്റെ ഭാഗാമായാണ് ആശുപത്രിയേയും ലക്ഷ്യം വെച്ചത് എന്നുമാണ് ഹമാസ് പറയുന്നത്. രോഗികള്‍ക്ക് പുറമേ, ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി അഭയം തേടിയവരും ആശുപത്രിയില്‍ ഉണ്ടായിരുന്നു.

ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. 'ഗാസയിലെ അല്‍ അഹ് ലി അറബ് ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിലും അതിന്റെ ഫലമായി ഉണ്ടായ ഭയാനകമായ ജീവഹാനിയിലും രോഷാകുലനും ദുഖിതനുമാണ്. ഈ വാര്‍ത്ത കേട്ടയുടനെ ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവുമായും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് അന്വേഷണം തുടരാന്‍ ദേശീയ സുരക്ഷാ ടീമിന് നിര്‍ദ്ദേശം നല്‍കിയെന്നും ബൈഡന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.