വെടിനിര്‍ത്തല്‍: ഐക്യരാഷ്ട്ര സഭ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക; ഗാസയ്ക്ക് 100 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ച് ബൈഡന്‍

വെടിനിര്‍ത്തല്‍: ഐക്യരാഷ്ട്ര സഭ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക; ഗാസയ്ക്ക് 100 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ച് ബൈഡന്‍

ഹമാസിന് ലഭിക്കുന്ന സാമ്പത്തിക സഹായം തടയുന്നതിന് യു.എസ് ഉപരോധം പുറപ്പെടുവിച്ചു. തീവ്രവാദവുമായി ബന്ധപ്പെട്ട ഈ ഉപരോധ ഉത്തരവ് ഒമ്പത് വ്യക്തികളെയും ഗാസ, സുഡാന്‍, തുര്‍ക്കി, അള്‍ജീരിയ, ഖത്തര്‍ എന്നിവിടങ്ങളെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെയും ലക്ഷ്യമിടുന്നു.

ന്യൂയോര്‍ക്ക്: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ഐക്യരാഷ്ട്ര സഭ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. രക്ഷാസമിതിയില്‍ ബ്രസീല്‍ കൊണ്ടുവന്ന പ്രമേയമാണ് അമേരിക്ക എതിര്‍ത്തത്. 15 അംഗ യു.എന്‍ രക്ഷാ സമിതിയില്‍ 12 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ അമേരിക്ക വീറ്റോ ചെയ്യുകയും ബ്രിട്ടണും റഷ്യയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച് നയതന്ത്ര നീക്കങ്ങള്‍ നടത്തി വരികയാണ്. പ്രസിഡന്റിന്റെ നയതന്ത്ര നീക്കങ്ങള്‍ക്ക് ഫലം ഉണ്ടാകണമെന്ന താല്‍പര്യത്തിലാണ് പ്രമേയം വീറ്റോ ചെയ്തതെന്ന് ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. പ്രമേയത്തില്‍ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെക്കുറിച്ച് യാതൊന്നും പറയുന്നില്ലെന്നും ലിന്‍ഡ കുറ്റപ്പെടുത്തി.

ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന റഷ്യന്‍ പ്രമേയം നേരത്തേ ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ തള്ളിയിരുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെപ്പറ്റി പ്രമേയത്തില്‍ പരാമര്‍ശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ എതിര്‍ത്തത്.

അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വീറ്റോ അധികാരമുള്ളത്. ഇസ്രയേലിന് എതിരായ നീക്കങ്ങളെ യു.എന്‍ രക്ഷാ സമിതിയില്‍ അമേരിക്ക എതിര്‍ത്തു വരികയാണ്. ഒമ്പത് വോട്ട് ഉണ്ടെങ്കില്‍ മാത്രമേ രക്ഷാസമിതിയില്‍ ഏതെങ്കിലും പ്രമേയം പാസാക്കാനാകൂ. വീറ്റോ അധികാരമുള്ള രാജ്യങ്ങള്‍ അത് ഉപയോഗിക്കാതിരിക്കുകയും വേണം.

അതേസമയം ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും 100 മില്യണ്‍ ഡോളര്‍ മാനുഷിക സഹായം നല്‍കുമെന്ന് ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും പാര്‍പ്പിടവും ആവശ്യമാണ്. ഗാസയിലെ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ മാനുഷിക സഹായം എത്തിക്കാന്‍ ഇസ്രയേല്‍ കാബിനറ്റിനോട് താന്‍ അഭ്യര്‍ത്ഥിച്ചതായും ബൈഡന്‍ പറഞ്ഞു.

ഈ പണം ഒരു ദശലക്ഷത്തിലധികം വരുന്ന കുടിയൊഴിപ്പിക്കപ്പെട്ടവരും സംഘര്‍ഷ ബാധിതരുമായ പലസ്തീനികള്‍ക്ക് സഹായകമാകും. ഹമാസോ മറ്റ് തീവ്രവാദ ഗ്രൂപ്പുകളിലേക്കോ പോകാതെ ഈ സഹായം ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നതിന് തങ്ങള്‍ക്ക് സംവിധാനങ്ങളുണ്ടെന്നും അദേഹം വ്യക്തമാക്കി.

ഹമാസുമായുള്ള സംഘര്‍ഷത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന യു.എസ് നിലപാട് ബൈഡന്‍ ആവര്‍ത്തിച്ചു. ഇസ്രായേലിനെ ആക്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു രാജ്യത്തിനോ മറ്റേതെങ്കിലും ശത്രുക്കള്‍ക്കോ ഉള്ള എന്റെ സന്ദേശം ഒരാഴ്ച മുമ്പുള്ളതുപോലെ തന്നെ തുടരുന്നു.

ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തെ യു.എസിലെ 9/11 ഇരട്ട ടവര്‍ ആക്രമണവുമായി ബൈഡന്‍ താരതമ്യം ചെയ്തു. ഇത് ഇസ്രായേലിന്റെ 9/11 എന്ന് വിശേഷിപ്പിച്ചത് ഞങ്ങള്‍ കണ്ടു. എന്നാല്‍ ഇസ്രായേലിന്റെ വലുപ്പമുള്ള ഒരു രാജ്യത്തിന് ഇത് പതിനഞ്ച് 9/11 പോലെയായിരുന്നു. എന്നാല്‍ ഇസ്രയേല്‍ യുദ്ധ നിയമം പാലിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഹമാസിന് ലഭിക്കുന്ന സാമ്പത്തിക സഹായം തടയുന്നതിന് യു.എസ് ഉപരോധം പുറപ്പെടുവിച്ചു. തീവ്രവാദവുമായി ബന്ധപ്പെട്ട ഈ ഉപരോധ ഉത്തരവ് ഒമ്പത് വ്യക്തികളെയും ഗാസ, സുഡാന്‍, തുര്‍ക്കി, അള്‍ജീരിയ, ഖത്തര്‍ എന്നിവിടങ്ങളെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെയും ലക്ഷ്യമിടുന്നു. ജോ ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് യു.എസ് ട്രഷറി വകുപ്പിന്റെ നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.