അഞ്ച് വർഷ എം എൽ എ: ഒന്നേ മുക്കാൽ സെന്റിൽ ജീവിതം; ജനപ്രിയൻ വിൻസെന്റ്

അഞ്ച് വർഷ എം എൽ എ: ഒന്നേ മുക്കാൽ സെന്റിൽ ജീവിതം; ജനപ്രിയൻ വിൻസെന്റ്

തിരുവനന്തപുരം: എളിമയുടെ പ്രതീകമായി എം വിൻസെന്റ് എംഎൽഎ. വീട് നിർമാണത്തിന് സഹായിക്കണമെന്ന അഭ്യർഥനയുമായി കോവളം എംഎൽഎയുടെ വീട്ടിൽ എത്തിയ ജലജയ്ക്ക് വിശ്വസിക്കാനായില്ല. ‘സാറിന് കുറച്ചുകൂടി വലിയ ഓഫിസ് എടുത്തുകൂടേ?’ ഓഫിസല്ല, തന്റെ വീടാണ് ഇതെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ജലജ ഞെട്ടിപ്പോയി. ഇതാടാ എംഎൽഎയുടെ വീടെന്ന് ജലജ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ അവരുടെ ബന്ധു കൂടിയായ ഓട്ടോഡ്രൈവർ മൊബൈലിൽ എടുത്ത വിൻസെന്റിന്റെ വീടിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

എംഎൽഎയും എംപിയുമെന്നൊക്കെ കേൾക്കുമ്പോൾ വലിയ വീടും ചുറ്റുപാടും പ്രതീക്ഷിക്കുന്നവർക്ക് തെറ്റി. ഒന്നേമുക്കാൽ സെന്റിലുള്ള തന്റെ ചെറിയ വീട്ടിൽ താമസിച്ച് ജനപ്രതിനിധികൾക്ക് മാതൃകയാകുയാണ് കോവളത്തെ ജനകീയ എംഎൽഎ എം വിൻസെൻ്റ്. വാടക വീട്ടിൽ കഴിയുന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് എട്ടു കോടിയുടെ വീട് ഒരുങ്ങുന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണ് തലസ്ഥാന നഗരിക്ക് വിളിപ്പാടകലെയുള്ള വിൻസൻ്റിൻ്റെ വീടിനെക്കുറിച്ചുള്ള ചർച്ച സജീവമാകുന്നത്. എംഎൽഎയായി അഞ്ചു വർഷം പൂർത്തിയാക്കുമ്പോഴും എം വിൻസെൻ്റിനും കുടുംബത്തിനും പരിമിതികളുണ്ടെങ്കിലും വീടിനെക്കുറിച്ച് പരിഭവവും പരാതിയുമില്ല.

ബാലരാമപുരം, വിഴിഞ്ഞം റോഡിലാണ് വിൻസെന്റിന്റെ വീട്. പുറത്തു ചുമരിനോടു ചേർന്ന് സാനിറ്റൈസർ സ്റ്റാൻഡ് ഉണ്ട്. ചുമരിൽ എംഎൽഎയുടെ പേരും. ഒന്നേമുക്കാൽ സെന്റിൽ 650 ചതുരശ്രയടിയുള്ള വീടിന്റെ മുൻഭാഗത്തെ മേൽക്കൂര ഷീറ്റാണ്. അതിനു പിന്നിൽ രണ്ടു മുറി. ഒരെണ്ണം അമ്മ ഫില്ലിസിന്. അടുത്ത മുറിക്ക് അഞ്ച് അവകാശികൾ. വിൻസെന്റ്, ഭാര്യ മേരി ശുഭ, പ്ലസ് ടു വിദ്യാർഥി ആദിത്യൻ, പത്താം ക്ലാസ് വിദ്യാർഥി അഭിജിത്, മൂന്നു വയസ്സുള്ള മകൾ ആദ്യ. അച്ഛൻ മൈക്കിൾ നൽകിയ സ്ഥലത്താണ് വിൻസെന്റിന്റെ വീട്. മേരി ശുഭയ്ക്കു കുടുംബത്തിൽ നിന്നു ലഭിച്ച നാല് സെന്റിൽ ഏഴ് വർഷം മുൻപു കടമുറികൾ വച്ചു. അതിൽ നിന്നുള്ള വരുമാനമാണ് പൊതുപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. പക്ഷേ, അതിന്റെ വായ്പ 20 ലക്ഷം കഴിഞ്ഞു. ഉടൻ 1.45 ലക്ഷം രൂപ അടച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നു തിങ്കളാഴ്ച സംസ്ഥാന സഹകരണ ബാങ്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഇതിനിടെ അച്ഛന്റെ അടുത്ത ബന്ധുവിൽനിന്ന് വിൻസെന്റിന് നാല് സെന്റ് സ്ഥലം വാങ്ങേണ്ടിവന്നു. അതു കുടുംബത്തിനു പുറത്തു വിൽക്കാനാവാത്തതിനാലാണ് അതു വിൻസെന്റിന്റെ പേരിലായത്.അതിനുവേണ്ടി എംഎൽഎമാർക്കു വസ്തു വാങ്ങാനും വീടു നിർമിക്കാനുമുള്ള 20 ലക്ഷം രൂപ വായ്പ എടുത്തു. രണ്ടു വായ്പകളും അടച്ചു തീർക്കാതെ പുതിയൊരു വീടു നിർമിക്കാനാവില്ല. കോൺഗ്രസ് എംഎൽഎയായ വിൻസെൻ്റ് അടിയുറച്ച ദൈവ വിശ്വാസിയാണ്. 'എല്ലാം ദൈവിക പദ്ധതിയാണെന്നും ദൈവിക വഴി നടത്തിപ്പിൽ പൂർണ്ണ വിശ്വാസം അർപ്പിക്കുന്നുവെന്നും വീട് ഒരു പ്രശ്നമേ അല്ലെന്നും വിൻസെൻ്റ്' പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.