ലൈറ്റ് ഇന്‍ ലൈഫ് സംഘടനയുടെ പത്താം വാര്‍ഷികവും മെഗാ ഷോയും ഈ മാസം 21 ന്

ലൈറ്റ് ഇന്‍ ലൈഫ് സംഘടനയുടെ പത്താം വാര്‍ഷികവും മെഗാ ഷോയും ഈ മാസം 21 ന്

ബേണ്‍: സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇന്‍ ലൈഫ് സംഘടനയുടെ പത്താം വാര്‍ഷികത്തില്‍ നടത്തുന്ന പദ്ധതികള്‍ക്കായുള്ള ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മെഗാ ഷോ ഈ മാസം 21 ന് വൈകുന്നേരം നാലരയ്ക്ക്
നടക്കും.

ഇന്ത്യയില്‍ നിരാലംബ കുടുംബങ്ങള്‍ക്കായി 30 ഭവനങ്ങളുടെ ഒരു സമുച്ചയവും ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്‌ക്കറില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഒരു ഹൈസ്‌കൂള്‍ കെട്ടിടവും നിര്‍മ്മിച്ച് നല്‍കുന്നതാണ് പദ്ധതി. കൂടാതെ നിര്‍ധനരായ 300 കുട്ടികള്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പഠന സഹായവും പദ്ധതി വഴി ലഭ്യമാക്കും.

മെഗാ ഷോയോടെ അനുബന്ധിച്ച് നടക്കുന്ന മ്യൂസിക്ക് ഓഫ് ലൈഫ് മെഗാ ഷോയില്‍ രാജേഷ് ചേര്‍ത്തല (ഫ്‌ളൂട്ട് ), ഫ്രാന്‍സിസ് സേവ്യര്‍ (വയലിന്‍) എന്നിവരുടെ നേതൃത്വത്തില്‍ മലയാള സിനിമ സംഗീത രംഗത്തെ പ്രശസ്തരായ 10 കലാകാരന്മാരും കലാകാരികളും വേദി പങ്കിടും. മലയാള ചലച്ചിത്ര ഗാനരംഗത്ത് 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ബിജു നാരായണനെ ചടങ്ങില്‍ ആദരിക്കും.

ഇതുവരെ 116 കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടുകള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായി നാല് സ്‌കൂളുകള്‍, മഡഗാസ്‌കറില്‍ രണ്ട് ഗ്രാമങ്ങളിലായി പ്രൈമറി സ്‌കൂള്‍, കൂടാതെ മൂന്ന് ക്ലാസ്മുറികള്‍, 200 ലധികം അംഗപരിമിതര്‍ക്ക് വീല്‍ചെയറുകള്‍ കേരളത്തിലെ ആദിവാസി മേഖലയില്‍ വൈദ്യുതി കണക്ഷന്‍, നൂറുകണക്കിന് കുട്ടികള്‍ക്ക് അടിസ്ഥാന - ഉപരി വിദ്യാഭ്യാസത്തിനുള്ള ധനസഹായം, 2018 ലെ പ്രളയത്തില്‍ ദുരിതമനുഭവിച്ചര്‍ക്ക് സാമ്പത്തിക സഹായം തുടങ്ങി ഏകദേശം രണ്ട് മില്യണ്‍ സ്വിസ് ഫ്രാങ്കിനുള്ള സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

കൂടാതെ തൊടുപുഴ മൈലക്കൊമ്പില്‍ 1988 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷനുമായി സഹകരിച്ച് കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ വെളിച്ചം പകരുവാന്‍ ലൈറ്റ് ഇന്‍ ലൈഫിന് സാധിച്ചു. നാല് സ്‌നേഹവീടുകളിലായി 141 കുട്ടികളടക്കം 450 കുടുംബാംഗങ്ങളുള്ള ഫൗണ്ടേഷന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ലൈറ്റ് ഇന്‍ ലൈഫിന് തികഞ്ഞ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും ഏറ്റെടുക്കുന്ന പദ്ധതികള്‍ സുതാര്യവും കാര്യക്ഷമവുമായി നടപ്പിലാക്കുവാന്‍ പ്രതിഞ്ജ്ജാബദ്ധരാണെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

2023 ല്‍ പത്താംവര്‍ഷ ജൂബിലി ആഘോഷിക്കുന്ന സംഘടന ഇന്ത്യയിലും മഡഗാസ്‌കറിലുമായി 400 കുട്ടികള്‍ക്ക് അഞ്ച് വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സഹായവും കേരളത്തില്‍ 32 കുടുംബങ്ങള്‍ക്കായി ഒരുഭവന സമുച്ചയവും മഡഗാസ്‌ക്കറില്‍ ഒരു ഹൈസ്‌കൂള്‍ നിര്‍മ്മാണം തുടങ്ങി ഏകദേശം ഒരു മില്യണില്‍പ്പരം സ്വിസ് ഫ്രാങ്കിന്റെ പദ്ധതികളാണ് സംഘടന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഭവന സമുച്ചയത്തിന് ആവശ്യമായ സ്ഥലം സ്വിറ്റ്‌സര്‍ലന്‍ഡ് നിവാസിയായ ഒരു മലയാളിയില്‍ നിന്നും സംഭാവനയായി ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.