സ്ഥാനാര്‍ത്ഥികളെ ചൊല്ലി തര്‍ക്കം; രാജസ്ഥാനില്‍ കോണ്‍ഗ്രസ് പട്ടിക വൈകുന്നു

 സ്ഥാനാര്‍ത്ഥികളെ ചൊല്ലി തര്‍ക്കം; രാജസ്ഥാനില്‍ കോണ്‍ഗ്രസ്  പട്ടിക വൈകുന്നു

ന്യൂഡല്‍ഹി: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികളെ ചൊല്ലി ദേശീയ നേതൃത്വവും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മില്‍ തര്‍ക്കം തുടരുന്നത് മൂലം രാജസ്ഥാനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു. ചില മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്ന എഐസിസി നിര്‍ദേശം അംഗീകരിക്കാന്‍ ഗെലോട്ട് തയ്യാറാകാത്തതാണ് പ്രധാന പ്രതിസന്ധി.

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനായെങ്കില്‍ രാജസ്ഥാനില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയായി മാറിയിരിക്കുകയാണ്. മന്ത്രിമാര്‍ക്ക് എല്ലാവര്‍ക്കും വീണ്ടും സീറ്റ് നല്‍കണമെന്നും ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയവര്‍ക്കും പിന്തുണച്ച സ്വതന്ത്രര്‍ക്കും സീറ്റ് നല്‍കണമെന്നുമാണ് ഗെലോട്ടിന്റെ നിബന്ധന.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ ദേശീയ നേതൃത്വം തയ്യാറല്ല. സ്ട്രാറ്റജിസ്റ്റ് സുനില്‍ കനുഗോലു നടത്തിയ സര്‍വെയില്‍ ഗെലോട്ട് മുന്നോട്ട് വച്ച പേരുകളില്‍ പലര്‍ക്കുമെതിരെ ജനരോഷം ഉണ്ടെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം എംഎല്‍എമാരുടെ യോഗം ബഹിഷ്‌കരിച്ച് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച രണ്ട് ഗലോട്ട് പക്ഷ മന്ത്രിമാരും പട്ടികയിലുണ്ട്.

കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വച്ച ലിസ്റ്റില്‍ ചില മണ്ഡലങ്ങളില്‍ ഒറ്റ പേര് മാത്രം നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയുടെ അതൃപ്തിക്കും വഴിവെച്ചു. വിജയ സാധ്യതയുള്ള മൂന്ന് പേരെങ്കിലും മുന്നോട്ട് വെക്കണമെന്ന് കേന്ദ്ര നേതൃത്വം സ്‌ക്രീനിങ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

നവംബര്‍ 25 നാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്. നവംബര്‍ ആറാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. അതേസമയം 41 സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ച് ബിജെപി ആദ്യ ഘട്ടിക പുറത്തിറക്കി. ഇതില്‍ ഏഴ് എംപിമാരും ഇടം പിടിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.