'ബ്രിട്ടനും ഞാനും നിങ്ങളോടൊപ്പം ഉണ്ടാകും': ബൈഡന് പിന്നാലെ പിന്തുണയറിയിച്ച് റിഷി സുനക് ഇസ്രയേലില്‍

'ബ്രിട്ടനും ഞാനും നിങ്ങളോടൊപ്പം ഉണ്ടാകും': ബൈഡന് പിന്നാലെ പിന്തുണയറിയിച്ച് റിഷി സുനക് ഇസ്രയേലില്‍

ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പിന്നാലെ ഇസ്രയേലിന് പിന്തുണയറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ടെല്‍ അവീവിലെത്തി.

ഇസ്രയേല്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും ദുരന്ത മുഖങ്ങളില്‍ കഷ്ടപ്പെടേണ്ടി വന്ന ജനതയോടൊപ്പം ബ്രിട്ടനുണ്ടാകുമെന്നും ഇസ്രയേലിലെത്തിയ റിഷി സുനക് പറഞ്ഞു.

' പറഞ്ഞറിയിക്കാനാവാത്ത, ഭയാനകമായ സംഘര്‍ഷങ്ങളാണ് നിങ്ങള്‍ അനുഭവിച്ചത്. ബ്രിട്ടനും ഞാനും നിങ്ങളോടൊപ്പം ഉണ്ടാകും'- സുനക് ഇസ്രായേല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായും പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി റിഷി സുനക് കൂടിക്കാഴ്ച നടത്തും. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയിലേക്ക് എത്രയും വേഗം മാനുഷിക സാഹായങ്ങളുള്‍പ്പടെ എത്തിക്കുന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശങ്ങളിലൊന്നായി അദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും മറ്റ് പ്രാദേശിക തലസ്ഥാനങ്ങള്‍ സുനക് സന്ദര്‍ശിക്കുക. ഇസ്രയേലിലെയും ഗാസയിലെയും ജനങ്ങളുടെ മരണത്തില്‍ അദ്ദേഹം അനുശോചനം അറിയിച്ചിരുന്നു.

അതേസമയം ഇസ്രയേലിലും ഗാസയിലും സമാധാനപരമായ ഒത്തുതീര്‍പ്പിന് പിന്തുണ തേടി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി വരും ദിവസങ്ങളില്‍ ഈജിപ്ത്, തുര്‍ക്കി, ഖത്തര്‍ എന്നിവിടങ്ങളിലെ നേതാക്കളെ കാണും.

ഒപ്പം ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും ഹമാസ് തടവിലാക്കിയ ബ്രിട്ടീഷ് ബന്ദികളെ മോചിപ്പിക്കാനുമുള്ള കരാര്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ചകളില്‍ മുന്നോട്ടു വെക്കുമെന്നും സൂചനയുണ്ട്.

മൂന്ന് ദിവസം മുന്‍പ് ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന സ്‌ഫോടനത്തിന്റെ പിന്നിലാരാണെന്ന് കണ്ടുപിടിക്കാന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്നലെ നടന്ന ചോദ്യോത്തര വേളയില്‍ സുനക് പറഞ്ഞു. ഒപ്പം, സത്യം തെളിയുന്നത് വരെ വിധിയെഴുതാന്‍ തിരക്കുകൂട്ടരുതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം തടയാന്‍ ലോക നേതാക്കള്‍ ഒന്നടങ്കം ഒന്നിച്ചു വരണമെന്ന് വ്യക്തമാക്കിയ സംഭവമാണ് ഒരുപാട് പേരുടെ മരണത്തിനിടയാക്കിയ ഗാസയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനമെന്നും ഈ ശ്രമത്തില്‍ ബ്രിട്ടന്‍ മുന്നില്‍ തന്നെയുണ്ടാകുമെന്ന് സ്വയം ഉറപ്പുവരുത്തുമെന്നും റിഷി സുനക് വ്യക്തമാക്കി.

ഓരോ സാധാരണക്കാരന്റെയും മരണം ദുരന്തമാണ്. ഹമാസ് നടത്തിയ ഭീകരവാദ പ്രവര്‍ത്തനങ്ങളും സംഘര്‍ഷങ്ങളും കാരണം നിരവധി ജീവനുകളാണ് നഷ്ടമായത്. നൂറുകണക്കിന് പാലസ്തീനികളുടെ മരണത്തിനിടയാക്കിയ ഗാസയിലെ ആശുപത്രിയില്‍ നടന്ന സ്‌ഫോടനം ഞെട്ടലുണ്ടാക്കിയെന്നും സുനക് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.