'ഒന്നിച്ച് ഒരേ വഴിയില്‍': സിനഡ് എന്താണെന്ന് വിശദീകരിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

'ഒന്നിച്ച് ഒരേ വഴിയില്‍': സിനഡ് എന്താണെന്ന് വിശദീകരിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ഒക്ടോബര്‍ നാലാം തീയതി റോമില്‍ ആരംഭിച്ച മ്രെതാന്മാരുടെ സിനഡ് രണ്ടാഴ്ച പിന്നിട്ടിരിക്കുന്ന വേളയില്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡിനെക്കുറിച്ച് വിശ്വാസികള്‍ക്കായി പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു.
സിനഡ് എന്ന പദത്തെക്കുറിച്ചു തന്നെയാണ് അദേഹത്തിന്റെ ഇടയലേഖനത്തില്‍ ആദ്യം പറഞ്ഞിരിക്കുന്നത്.

ഇടയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍:

'സിനഡ്' എന്ന വാക്ക് ഗ്രീക്ക് ഭാഷയില്‍ നിന്നാണ് ക്രൈസ്തവ സഭയിലേക്ക് കടന്നു വന്നത്. ഈ പദം സിന്‍, ഓഡോസ് എന്നീ രണ്ട് ഗ്രീക്ക് പദങ്ങള്‍ ചേര്‍ന്നുണ്ടായതാണ്. ഗ്രീക്ക് ഭാഷയില്‍ സിന്‍ എന്നതിന് ഒന്നിച്ച് എന്നും ഓഡോസ് എന്നാല്‍ വഴി എന്നുമാണര്‍ത്ഥം. ഒന്നിച്ച് ഒരേ വഴിയില്‍ എന്നാണ് സിനഡ് എന്ന പദത്തിന്റെ മുലാര്‍ത്ഥം.

'ഞാനാണ് വഴി' എന്ന് ഈശോ പറയുന്നുണ്ടല്ലോ. ഗ്രീക്ക് ബൈബിളില്‍ ഈ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന പദം 'ഓഡോസ്' എന്നാണ്. സഭയുടെ സിനഡല്‍ സ്വഭാവം കര്‍ത്താവായ ഈശോയില്‍ നിന്നുതന്നെയാണ് രൂപം കൊണ്ടിട്ടുള്ളതെന്ന് ഇടയലേഖനത്തില്‍ പറയുന്നു. സ്വര്‍ഗാരോഹണത്തിന് ശേഷം തന്റെ ദൗത്യം ലോകത്തില്‍ തുടരാന്‍ ഈശോ പിന്‍ഗാമിയായി ഒരാളെ നിയമിക്കുകയല്ല, പന്ത്രണ്ടുപേരുടെ ഒരു സംഘത്തെയാണു നിയോഗിച്ചത്. അവരുടെ സ്‌നേഹക്കൂട്ടായ്മയില്‍ സഭ നയിക്കപ്പെടണം എന്ന് അവിടുന്ന് നിശ്ചയിച്ചു. അതാണ് പിന്നീട് മ്രെതാന്മാരുടെ സംഘമായി രൂപപ്പെട്ടത്.

പന്ത്രണ്ടുപേരുടെ സംഘത്തിനു പരിശുദ്ധാത്മശക്തിയും നല്‍കപ്പെട്ടു. അതേ ആത്മാവിന്റെ ശക്തി പന്തക്കുസ്തായില്‍ വിശ്വസിച്ചു സ്‌നാനപ്പെട്ടവര്‍ക്കും ലഭിച്ചു. ഈ പരിശുദ്ധാത്മദാനം ഇന്ന് ഈശോമിശിഹായില്‍ വിശ്വസിച്ചു മാമ്മോദീസ സ്വീകരിക്കുന്നവര്‍ക്കു ദാനമായി ലഭിക്കുന്നു. അതുപോലെ പന്ത്രണ്ട് ശ്ലീഹന്‍മാരുടെ പിന്‍ഗാമികളായ മ്മെതാന്മാര്‍ക്കും അവരോടു ചേര്‍ന്നു പൗരോഹിത്യ ശുശ്രൂഷ നിര്‍വഹിക്കുന്ന വൈദികര്‍ക്കും ഈ ദാനം വിശേഷവിധിയായി ലഭിക്കുന്നു. ഇപ്രകാരം ആത്മാവിനാല്‍ നയിക്കപ്പെടുന്ന എല്ലാവരും മിശിഹായാകുന്ന വഴിയില്‍ സത്യത്തിലും സ്‌നേഹത്തിലുമധിഷ്ഠിതമായ കൂട്ടായ്മ അനുഭവത്തില്‍, സുവിശേഷം പ്രസംഗിക്കുകയും മിശിഹായുടെ സ്‌നേഹത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്യണമെന്നതായിരുന്നു അവിടുത്തെ ഉദ്ദേശ്യം.

ജറുസലേം സുനഹദോസു മുതല്‍ ഈശോമിശിഹായിലൂടെ ലഭിച്ച ഈ ദൗത്യം സഭയില്‍ നിറവേറിക്കൊണ്ടിരിക്കുകയാണ്. പൗരസ്ത്യ സഭകള്‍ സിനഡലായി പ്രവര്‍ത്തിക്കുന്ന സഭകളാണെന്നത് ശരിയാണ്. സീറോമലബാര്‍ സഭയും സിനഡല്‍ സഭയാണ്. എന്നാല്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ 2023-24 വര്‍ഷങ്ങളിലെ സിനഡല്‍ സമ്മേളനങ്ങളിലൂടെ പ്രാവര്‍ത്തികമാക്കാനാഗഹിക്കുന്ന സിനഡാത്മകത, പൗരസ്ത്യ സഭകള്‍ പാലിക്കുന്ന സിനഡാത്മകതയെക്കാള്‍ വ്യാപ്തിയുള്ളതാണ്.

മാമ്മോദീസാ സ്വീകരിക്കുന്ന എല്ലാ ക്രൈസ്തവര്‍ക്കും സഭാ കൂട്ടായ്മയിലുള്ള കൂട്ടുത്തരവാദിത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനഡിലെ വിചിന്തനങ്ങള്‍ രൂപപ്പെടുന്നത്. മാമ്മോദീസ സ്വീകരിക്കുന്ന എല്ലാവര്‍ക്കും സഭയില്‍ ഒരേ സ്ഥാനമാണ് ഉള്ളത്. ഓരോരുത്തര്‍ക്കുമുള്ള പ്രത്യേക വിളികളുടെ അടിസ്ഥാനത്തില്‍ അവരവരുടെ ഉത്തരവാദിത്വങ്ങള്‍ കൂട്ടായ്മയുടെ അവബോധത്തോടെ നിര്‍വഹിക്കുന്ന സിനഡാത്മകതയാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞു വരുന്നത്. ഈ സിനഡാത്മകത പ്രാര്‍ത്ഥനാ പൂര്‍വ്വമായ വിചിന്തനങ്ങളിലൂടെ സ്വന്തമാക്കുന്ന ശൈലിയാണ് സിനഡല്‍ സമ്മേളനങ്ങളില്‍ സ്വീകരിച്ചിരിക്കുന്നത്.
രൂപതാ തലങ്ങളിലും ബിഷപ്‌സ് കോണ്‍ഫറന്‍സുകളുടെയും പൗരസ്ത്യ സഭകളുടെ സിനഡുകളുടെയും ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സിനഡല്‍ സമ്മേളനങ്ങളിലും ഭൂഖണ്ഡാടിസ്ഥാനത്തില്‍ നടത്തപ്പെട്ട സിനഡല്‍ അസാംബ്ലികളിലും ഇതേ ശൈലി തന്നെയാണ് അവലംബിക്കപ്പെട്ടത്. ഇപ്പോള്‍ റോമില്‍ നടക്കുന്ന സിനഡല്‍ സമ്മേളനത്തിലും ഈ സിനഡാത്മകത വിജയകരമായി നടന്നുവരുന്നു.

പരിശുദ്ധാത്മാവില്‍ ശക്തിപ്പെട്ട് ദൈവ പിതാവിന്റെ മക്കളെന്ന നിലയില്‍ ഈശോമിശിഹായോടൊപ്പം ദൈവവചന ശ്രവണത്തിലൂടെയും കുദാശകളുടെ സ്വീകരണത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ദൈവക്യത്തില്‍ സഹോദരങ്ങളോടുള്ള കൂട്ടായ്മയില്‍ സഭയിലും സമൂഹത്തിലും വ്യാപരിക്കുന്ന ദൈവജനമാണ് സിനഡാത്മക സഭ. ദൈവത്തോടും സഹോദരങ്ങളോടും നിരന്തരം ബന്ധത്തിലായിരിക്കുന്ന ഈ ജീവിത ശൈലി സഭയില്‍ സന്തോഷവും ഐക്യവും സമാധാനവും സംജാതമാക്കുന്നു. പ്രാദേശിക സഭകളിലും വ്യക്തി സഭകളിലും സാര്‍വത്രിക സഭയിലും ഈ സിനഡാത്മകത നടപ്പില്‍ വരുമ്പോഴാണ് ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിച്ചുകൊണ്ടുള്ള ഈശോമിശിഹായുടെ രക്ഷാകര പ്രവര്‍ത്തനം സഭയിലും സമൂഹത്തിലും സംജാതമാകുന്നത്.

ചുരുക്കത്തില്‍ സഭയുടെ എല്ലാ സംവിധാനങ്ങളിലും പരിശുദ്ധാത്മാവിന്റെ ശക്തി സംഭരിച്ചു വളര്‍ന്നു വികസിക്കേണ്ടിയിരിക്കുന്നു. ക്രമേണ സാക്ഷാ ത്ക്കരിക്കപ്പെടേണ്ട പുതിയ ഒരു സഭാജീവിതശൈലിയാണിത്. ഈ ശൈലി ശരിയായി അനുവര്‍ത്തിച്ചാല്‍ മാത്രമേ സഭ മിശിഹാ വിഭാവനം ചെയ്ത രീതിയില്‍ അവിടത്തെ നീതിക്കും സത്യത്തിനും സ്‌നേഹത്തിനും കാരുണ്യത്തിനും സാക്ഷ്യം വഹിക്കുന്നു എന്നുപറയാന്‍ സാധിക്കുകയുള്ളൂ. ഈശോമിശിഹായുടെ പരസ്യ ജീവിതകാലത്ത് അവിടുന്നു സിനഡാത്മകതക്ക് സമാനമായ ഒരു പ്രവര്‍ത്തന ശൈലിയാണ് അവലംബിച്ചത്. ആത്മാവില്‍ ശക്തിപ്പെട്ടാണ് അവിടുന്ന് എല്ലാം ചെയ്തത്. അപ്രകാരം ത്രിതൈ്വക ദൈവാനുഭവത്തിലായിരുന്ന അവിടുന്നു മനുഷ്യരോടും സമാനമായ ബന്ധം സ്ഥാപിച്ചുകൊണ്ടിരുന്നു. അവിടുത്തേയ്ക്ക് പ്രന്തണ്ട് ശ്ലീഹന്മാരും എഴുപത്തിരണ്ട് ശിഷ്യന്മാരുമുണ്ടായിരുന്നു. തന്റെ ശുശ്രൂഷയില്‍ ഈ പന്ത്രണ്ട് പേരെയും എഴുപത്തിരണ്ടുപേരെയും അവിടുന്നു പങ്കാളികളാക്കി.

ഇതു കൂടാതെ കുടുംബങ്ങള്‍ സന്ദര്‍ശിച്ച് വചനം നല്‍കിയിരുന്നു. കടല്‍ത്തീരത്തും സമതലങ്ങളിലും ജനക്കൂട്ടത്തോട് അവിടുന്നു സംസാരിച്ചിരുന്നു. രോഗികള്‍ക്കും അംഗ വിഹീനര്‍ക്കും അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ ജനങ്ങള്‍ക്കും കാരുണ്യപൂര്‍വം അനുഗ്രഹങ്ങള്‍ വാരിവിതറി. അങ്ങനെ അവിടുന്നു ദൈവത്തിന്റെയും മനുഷരുടെയും സംസര്‍ഗത്തിലായിരുന്നു. ഈശോയുടെ ഈ ശൈലിയാണ് സഭാമക്കള്‍ക്കെല്ലാവര്‍ക്കും കൈവരേണ്ടത്.
പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ ഈശോ ഭരമേല്‍പിച്ച ശുശ്രുഷ സഭയുടെ നന്മയ്ക്കുവേണ്ടി അവര്‍ നിറവേറ്റി. ക്രൈസ്തവ സമുഹത്തില്‍ സിനഡാത്മകത ആത്മീയതലത്തിലും ഭൗതിക തലത്തിലും നിറവേറിയിരുന്നു. അവര്‍ അപ്പസ്‌തോലന്‍മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താല്‍പര്യപൂര്‍വം പങ്കുചേര്‍ന്നു. വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും ചെയ്തു(അപ്പ. 2: 42-44).
ലത്തീന്‍സഭയില്‍ ആദ്യ നൂറ്റാണ്ടുകള്‍ക്ക് ശേഷം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍വരെയും ഓരോ രൂപതയും അതതിന്റെ ഭരണ നിര്‍വഹണത്തില്‍ മാര്‍പാപ്പയുടെ കീഴില്‍, സഭയുടെ കാനന്‍ നിയമമനുസരിച്ച്, വൈദികരുടെയും അല്‍മായരുടെയും ആലോചനാ സമിതികളുടെ സഹായത്തോടെ മെത്രാന്മാര്‍ ഭരണം നടത്തുന്ന രീതിയാണ് പാലിച്ചു പോന്നത്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം സഭയെക്കുറിച്ചുള്ള പ്രമാണ രേഖയുടെ അടിസ്ഥാനത്തില്‍ രൂപതാ ഭരണത്തിനായി വൈദിക സമിതികളും പാസ്റ്ററല്‍ കൗണ്‍സിലുകളും കൂടി മ്രെതാന്മാരുടെ ആലോചന സമിതികളായി രൂപവത്കരിക്കാന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ നിര്‍ദേശം നല്‍കി. സഭ മുഴുവനും വേണ്ടി വത്തിക്കാന്‍ കൗണ്‍സിലിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ഓരോ നാല് വര്‍ഷത്തിലും മെത്രാന്മാരുടെ സിനഡുകള്‍ നടത്താനും തുടങ്ങി. ഫ്രാന്‍സിസ് മാര്‍പാപ്പ വന്നപ്പോള്‍ ഈ മെത്രാന്‍ സിനഡിലേക്ക് അല്‍മായരുടെയും സമര്‍പ്പിതരുടെയും വൈദികരെയും കൂടുതലായി ക്ഷണിക്കുന്ന ഒരു പതിവ് വന്നു.
ഇത്തവണത്തെ സിനഡില്‍ അങ്ങനെയുള്ള പ്രതിനിധികളുടെ സാന്നിധ്യം വളരെയേറെയുണ്ട്. ഇത്തവണ സിനഡില്‍ പങ്കെടുക്കുന്ന 446 പേരില്‍ 363 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. സഹോദ പ്രതിനിധികളെന്ന നിലയില്‍ ഓര്‍ത്തഡോക്സ് സഭകളില്‍ നിന്നും പ്രൊട്ടസ്റ്റന്റ് സഭകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പൂര്‍ണമായും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും വി ശ്വാസ സംബന്ധമായ വിഷയങ്ങളില്‍ അവര്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ കഴിയില്ല എന്നു സ്രെകട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രേക്ക് അറിയിച്ചിരുന്നു. 266 പേര്‍ മാത്രമാണു മ്രെതാന്‍ സംഘത്തില്‍ നിന്നുള്ള പ്രതിനിധികള്‍. ബാക്കിയുള്ളവരില്‍ 46 പേരും അല്‍മായ പ്രതിനിധികളാണ്.
പൗരസ്ത്യ സഭകളില്‍ പൊതുവെ പറഞ്ഞാല്‍ മെത്രാന്‍ സംഘത്തില്‍ പൂര്‍ണമായ സിനഡാലിറ്റി പ്രാവര്‍ത്തികമാകുന്നുണ്ട്. ആ സിനഡാലിറ്റിയുടെ ഭാഗമായി മെത്രാന്മാരും അല്‍മായരുടെയും സമര്‍പ്പിതരുടെയും വൈദികരുടെയും പ്രതിനിധികളും ഉള്‍പ്പെടുന്ന അസംബ്ലികള്‍ നടന്നു വരുന്നു. ഉദാഹരണത്തിന് സീറോ മലബാര്‍ സഭയില്‍ അഞ്ചാമത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി 2024 ഓഗസ്റ്റ് മാസം നടക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

രൂപതകളിലും സമാനമായ രീതിയില്‍ പ്രാദേശിക സിനഡല്‍ അസംബ്ലികള്‍, സഭയുടെ പ്രത്യേക നിയമം നിര്‍ദേശിക്കുന്നതനുസരിച്ച് നടന്നുവരുന്നുണ്ട്. പൗരസ്ത്യ സഭകളിലെ ഈ സിനഡാത്മകത മാമ്മോദീസ സ്വീകരിക്കുന്നവരുടെ എല്ലാവരുടെയും സിനഡാത്മകതയാക്കി എപ്രകാരം പൂര്‍ണതയിലെത്തിക്കാമെന്ന് ഓരോ പൗരസ്ത്യ സഭയും പ്രാര്‍ത്ഥനാപൂര്‍വം ചിന്തിച്ചു തീരുമാനങ്ങളെടുക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. സിനഡിന്റെ സമാപനത്തോടുകൂടി കുറേക്കൂടി വിചിന്തനങ്ങള്‍ വിശ്വാസികളുമായി പങ്കുവെക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇടയലേഖനം അവസാനിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.