'ഇസ്രയേലി കുട്ടികളെ മോചിപ്പിക്കൂ... പകരം ഞാന്‍ ബന്ദിയാകാം': ഹമാസിന് മുന്നില്‍ അഭ്യര്‍ത്ഥനയുമായി ജെറുസലേം പാത്രിയാര്‍ക്കീസ്

'ഇസ്രയേലി കുട്ടികളെ മോചിപ്പിക്കൂ... പകരം ഞാന്‍ ബന്ദിയാകാം': ഹമാസിന് മുന്നില്‍ അഭ്യര്‍ത്ഥനയുമായി ജെറുസലേം പാത്രിയാര്‍ക്കീസ്

ജെറുസലേം: ഹമാസ് തീവ്രവാദികള്‍ ബന്ദിയാക്കിയ ഇസ്രയേലി കുട്ടികളെ മോചിപ്പിച്ചാല്‍ പകരം താന്‍ ഹമാസിന്റെ ബന്ദിയാകാമെന്ന വാഗ്ദാനവുമായി വിശുദ്ധ നാട്ടിലെ ലത്തീന്‍ കത്തോലിക്കരുടെ തലവനും ജെറുസലേമിലെ പാത്രിയാര്‍ക്കീസുമായ കര്‍ദിനാള്‍ പിയര്‍ ബാറ്റിസ്റ്റ പിസബെല്ല.

ഹമാസ് ഭീകരര്‍ ബന്ദിയാക്കി വെച്ചിരിക്കുന്ന ഇസ്രയേലി കുട്ടികളെ തിരികെ കൊണ്ടുവരാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പറഞ്ഞ അദേഹം കുട്ടികളെ കുഴപ്പമൊന്നും കൂടാതെ വീട്ടിലെത്തിക്കുവാന്‍ കഴിയുമെങ്കില്‍ താന്‍ എന്ത് കൈമാറ്റത്തിനും തയ്യാറാണെന്നും വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് കര്‍ദിനാള്‍ ഇക്കാര്യം അറിയിച്ചത്. ആദ്യം ചെയ്യേണ്ടത് ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അല്ലാത്ത പക്ഷം അക്രമം തടയാന്‍ ഒരു മാര്‍ഗവുമില്ലെന്നും അദേഹം പറഞ്ഞു.

തിങ്കളാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ടനുസരിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 199 പേരെയാണ് ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയിരിക്കുന്നത്. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഇസ്രയേല്‍ ആക്രമണം തുടരുമ്പോള്‍ ബന്ദികളെ വച്ച് തീവ്രവാദികള്‍ വിലപേശുമോ എന്ന ആശങ്ക ശക്തമാണ്.

അതേസമയം ആയിരത്തി മുന്നൂറോളം ഇസ്രയേലികളെ ഹമാസ് കൊന്നൊടുക്കിയിട്ടും ലോകം പാലസ്തീന് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് വത്തിക്കാനിലെ ഇസ്രയേലി അംബാസഡര്‍ റാഫേല്‍ ഷൂട്‌സ് ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.