ബീജിങ്: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ചൈനീസ് സന്ദര്‍ശനം ലോക രാജ്യങ്ങളാകെ ചര്‍ച്ച ചെയ്യുമ്പോള്‍ അതിനൊപ്പം വാര്‍ത്തകളില്‍ ഇടം നേടുന്ന ഒന്നാണ് പുടിന്‍ ഒപ്പം കൊണ്ടുവന്ന കറുത്ത ബ്രീഫ്‌കെയ്‌സ്. ഈ പെട്ടിക്കുള്ളിലെ രഹസ്യമാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നത്.
ബീജിങ്ങില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, കനത്ത സുരക്ഷയില്‍ മറ്റൊരു മീറ്റിങ്ങിലേക്കു നടക്കുന്ന പുടിന്റെ ദൃശ്യങ്ങളിലാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയില്‍ പെട്ടിയുള്ളത്. 'ആണവ ബ്രീഫ്‌കെയ്‌സ്' എന്നാണ് ഈ പെട്ടി അറിയപ്പെടുന്നത്. പുടിന്‍
റഷ്യയില്‍ നിന്ന് അകലെയായിരിക്കുന്ന സമയത്ത് ലോകത്തെവിടെയും ഒരു ആണവയുദ്ധം നടത്താന്‍ അധികാരം നല്‍കാനുള്ള സജ്ജീകരണമാണ് ബ്രീഫ്കെയ്സിലെ ഉള്ളടക്കം എന്നാണ് ഒരു വിഭാഗം നിരീക്ഷകര്‍ പറയുന്നത്.
അതായത്, ആണവായുധങ്ങളുടെ ഉപയോഗത്തിന് അംഗീകാരം നല്‍കുന്നതിനായി പ്രത്യേകമായി സജ്ജീകരിച്ച ബ്രീഫ്‌കേസാണിത്. സുരക്ഷിതമായ ആശയവിനിമയത്തിനാണ് ഇത് ഉപയോഗിക്കുന്നത്.
സാധാരണയായി ഒരു ആണവായുധ രാഷ്ട്രത്തിന്റെ തലവന് സമീപം എല്ലായ്പ്പോഴും ഇത് സൂക്ഷിക്കാറുണ്ട്. വിദേശ യാത്രകളിലും ഒപ്പം കൊണ്ടുപോകാറുണ്ട്. പരമ്പരാഗതമായി യൂണിഫോം ധരിച്ച റഷ്യന്‍ നാവിക ഉദ്യോഗസ്ഥനാണ് ബ്രീഫ്‌കെയ്‌സ് വഹിക്കുന്നത്. റഷ്യയുടെ ന്യൂക്ലിയര്‍ ബ്രീഫ്‌കെയ്‌സ് 'ചെഗെറ്റ്' എന്ന കോഡ് നാമത്തിലാണ് അറിയപ്പെടുന്നത്. കോക്കസസ് പര്‍വതനിരകളിലെ ചെഗെറ്റ് പര്‍വതത്തിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
ആണവായുധങ്ങള്‍ ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുമ്പോള്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയവിനിമയത്തിനായി ഇത് ഉപയോഗിക്കുന്നു. ന്യൂക്ലിയര്‍ ബ്രീഫ്‌കെയ്‌സ് വളരെ അപൂര്‍വമായി മാത്രമാണ് ചിത്രങ്ങളില്‍ പതിഞ്ഞിട്ടുള്ളത്.
റഷ്യന്‍ പ്രതിരോധ മന്ത്രിയുടെ പക്കലും ഇത്തരമൊരു ബ്രീഫ്‌കെയ്‌സ് ഉണ്ട്. റഷ്യന്‍ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫിനും ഒരു ന്യൂക്ലിയര്‍ ബ്രീഫ്കെയ്‌സ് ഉണ്ടായിയിരിക്കാമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബട്ടണുകളുടെ ഒരു നിരയാണ് ബ്രീഫ്‌കേസിനകത്തെന്ന് 2019ല്‍ റഷ്യയിലെ ഒരു ടെലിവിഷന്‍ ചാനലില്‍ വന്ന ഫൂട്ടേജുകള്‍ കാണിച്ചിരുന്നു.
ഇതൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. ഡോണെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഉക്രെയ്ന്‍ ശ്രമിച്ചാല്‍, ആണവ ആക്രമണത്തിനുള്ള സജ്ജീകരണം തന്റെ മുന്നിലെ മേശപ്പുറത്തുണ്ടെന്ന പുടിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ബ്രീഫ്കെയ്‌സ്.
അമേരിക്കന്‍ പ്രസിഡന്റിനും ഇത്തരമൊരു ബ്രീഫ്കെയ്സുണ്ട്. 'ന്യൂക്ലിയര്‍ ഫുട്‌ബോള്‍' എന്നാണ് ഇതിനെ വിളിക്കുന്നത്. വൈറ്റ് ഹൗസില്‍നിന്ന് അകലെയായിരിക്കുന്ന സമയത്ത് അമേരിക്കന്‍ പ്രസിഡന്റിന് ആണവ മിസൈലുകള്‍ ഉപയോഗിക്കാനുള്ള അംഗീകാരം നല്‍കാനുള്ള കോഡുകളാണ് പെട്ടിയിലുള്ളത്.
അതേസമയം, ഇന്ത്യയ്ക്ക് ആണവ ബ്രീഫ്‌കേസ് ഇല്ല. ഇന്ത്യയില്‍, ആണവ കമാന്‍ഡ് അതോറിറ്റിയുടെ പൊളിറ്റിക്കല്‍ കൗണ്‍സില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിന് കൂട്ടായി അനുമതി നല്‍കണം. പൊളിറ്റിക്കല്‍ കൗണ്‍സിലിന്റെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.