'സംഘര്‍ഷത്തിലേക്ക് എടുത്തു ചാടരുത്': മറ്റ് രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്; റഫ അതിര്‍ത്തി വഴി 20 ട്രക്കുകള്‍ ഇന്ന് ഗാസയിലെത്തും

'സംഘര്‍ഷത്തിലേക്ക് എടുത്തു ചാടരുത്': മറ്റ് രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്; റഫ അതിര്‍ത്തി വഴി 20 ട്രക്കുകള്‍ ഇന്ന് ഗാസയിലെത്തും

ഇറാനും തുര്‍ക്കിയും അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ ആക്രമണ ഭീഷണി മുഴക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത് വന്നിട്ടുള്ളത്.

വാഷിങ്ടണ്‍: ഇസ്രായേല്‍-ഹമാസ് പോരാട്ടം തുടരുന്ന പശ്ചാത്തലത്തില്‍ സംഘര്‍ഷത്തിലേക്ക് എടുത്തു ചാടരുതെന്ന് മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കും സംഘടനകള്‍ക്കും അമേരിക്കയുടെ മുന്നറിയിപ്പ്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് മുന്നറിയിപ്പ് നല്‍കിയത്.

ഇറാനും തുര്‍ക്കിയും അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ ആക്രമണ ഭീഷണി മുഴക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത് വന്നിട്ടുള്ളത്. ഇസ്രയേലിനോടുള്ള തങ്ങളുടെ പ്രതിബദ്ധത പരിധിക്കപ്പുറമാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അതേസമയം ബന്ദികളുടെ മോചനത്തിന് അമേരിക്ക ഖത്തറിന്റെ മധ്യസ്ഥത തേടിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഗാസയില്‍ ആക്രമണം തുടരുന്നതിനിടെ വിവിധ രാജ്യങ്ങളിലെ എംബസി ജീവനക്കാരെ ഒഴിപ്പിക്കുകയാണ് ഇസ്രയേല്‍. ബഹ്റിന്‍, ജോര്‍ദാന്‍, മൊറോക്കൊ, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ എംബസി ജീവനക്കാരെയാണ് ഒഴിപ്പിക്കുന്നത്. 20 എംബസികളിലെ ജീവനക്കാരോട് വീടുകളില്‍ തങ്ങാന്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

അതിനിടെ തെക്കന്‍ ഗാസയിലെ പല പട്ടണങ്ങളിലും ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി. ഖാന്‍ യൂനിസ് നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 12 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റഫ അതിര്‍ത്തിയില്‍ മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഇവിടത്തെ ഹമാസിന്റെ ഭൂഗര്‍ഭ താവളങ്ങളും രഹസ്യാന്വേഷണ കേന്ദ്രങ്ങളും ഡസനിലധികം റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും തകര്‍ത്തു. ഇസ്രയേലിലേക്ക് ഹമാസും ഷെല്ലാക്രമണം നടത്തി.

റഫ അതില്‍ത്തി തുറന്നതോടെ ഭക്ഷണവും അവശ്യസാധനങ്ങളും മരുന്നുകളുമായി യു.എന്നിന്റെ നേതൃത്വത്തില്‍ 20 ട്രക്കുകള്‍ ഇന്ന് ഗാസയിലെത്തും. ഇരുന്നൂറിലധികം ട്രക്കുകളിലായി 3000 ടണ്‍ അവശ്യ സാധനങ്ങളാണ് നിലവില്‍ റഫ അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.