ഏഷ്യയില്‍നിന്ന് കുടിയേറിയ ക്രൈസ്തവര്‍ക്കായി പെര്‍ത്തില്‍ ബോധവല്‍കരണ പരിപാടി 'ഡിന്നര്‍ നൈറ്റുമായി' ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി

ഏഷ്യയില്‍നിന്ന് കുടിയേറിയ ക്രൈസ്തവര്‍ക്കായി  പെര്‍ത്തില്‍ ബോധവല്‍കരണ പരിപാടി 'ഡിന്നര്‍ നൈറ്റുമായി' ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി

പെര്‍ത്ത്: ഏഷ്യയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്കു കുടിയേറിയ ക്രൈസ്തവര്‍ക്കിടയില്‍ ബോധവല്‍കരണവുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍). ഓസ്‌ട്രേലിയ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം ആരോഗ്യകരമായി ആസ്വദിക്കുന്നതിനൊപ്പം തങ്ങളുടെ ക്രൈസ്തവ വിശ്വാസം നിലനിര്‍ത്താനും മക്കളെ വിശ്വാസ പാരമ്പര്യത്തില്‍ വളര്‍ത്താനും മാതാപിതാക്കളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പരിപാടി.



നവംബര്‍ ഒന്നിന് വൈകിട്ട് ഏഴിന് നടക്കുന്ന പരിപാടി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഡയറക്ടര്‍ പീറ്റര്‍ ആബെറ്റ്‌സ് നേതൃത്വം നല്‍കും. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ വില്ലെട്ടണിലുള്ള സിയോണ്‍ പ്രെയ്‌സ് ഹാര്‍വെസ്റ്റ് ചര്‍ച്ചിലാണു പരിപാടി നടക്കുന്നത്. പരിപാടിക്കു ശേഷം ഏഷ്യന്‍ ഭക്ഷണം അടങ്ങുന്ന വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമാണ് പ്രവേശനം. അതിനായി താഴെയുള്ള ലിങ്ക് ഉപയോഗിക്കാം. ഒരാള്‍ക്ക് 25 ഡോളര്‍ മാത്രമാണ് ചെലവ്.

https://events.humanitix.com/acl-wa-asian-community-dinner

പെര്‍ത്തിലെ കുടിയേറ്റ സമൂഹത്തില്‍ എ.സി.എല്ലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അറിവില്ലാത്തവരും രാഷ്ട്രീയമായോ സാമൂഹികമായോ ഇടപെടാത്തവരുമായ നിരവധി ക്രിസ്ത്യാനികളുണ്ട്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേചനബുദ്ധി ആര്‍ജിച്ചെടുക്കേണ്ടത് അനിവാര്യമാണ്. ക്രൈസ്ത വിശ്വാസത്തിനും മൂല്യങ്ങള്‍ക്കും നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ തങ്ങളുടെ വിശ്വാസത്തിന് അനുസൃതമായി കുട്ടികളെ വളര്‍ത്താനുള്ള അവകാശം പോലും മാതാപിതാക്കള്‍ക്ക് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.


പീറ്റര്‍ ആബെറ്റ്‌സ്

പലരും ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത് ഈ രാജ്യം അനുവദിക്കുന്ന സ്വാതന്ത്ര്യം ആസ്വദിക്കാനും മക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനുമാണ്. എന്നാല്‍ ഈ സ്വാതന്ത്ര്യങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിന് ഭീഷണി ഉയര്‍ത്തുന്നതും നാം തിരിച്ചറിയാതെ പോകരുതെന്ന് പീറ്റര്‍ ആബെറ്റ്‌സ് മുന്നറിയിപ്പു നല്‍കി.

മതസ്വാതന്ത്ര്യത്തിന് നിയമനിര്‍മാണങ്ങളിലൂടെ സര്‍ക്കാര്‍ പോലും ഭീഷണി ഉയര്‍ത്തുന്നതിനെതിരേ കുടിയേറ്റ ക്രിസ്ത്യന്‍ സമൂഹത്തിന്റെ അവബോധം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ നമ്മുടെ മക്കളെയും പേരക്കുട്ടികളെയും ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്താനുള്ള മാതാപിതാക്കളുടെ കഴിവിനെ ശക്തിപ്പെടുത്താനുള്ള വഴികാട്ടിയാണ് ഈ പരിപാടിയെന്നും പീറ്റര്‍ ആബെറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. ഈ പരിപാടിയുടെ ലക്ഷ്യം നിറവേറ്റാന്‍ എല്ലാ കുടിയേറ്റ ക്രൈസ്തവരുടെയും പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.